നടിക്കെതിരെ ദിലീപ് മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്നു ഗണേഷ്‌കുമാര്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായ രീതിയില്‍ ദിലീപ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് അത് തിരുത്താന്‍ ആവശ്യപ്പെടുമെന്ന് നടന്‍ ഗണേഷ്‌കുമാര്‍. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചും മറ്റ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങളെക്കുറിച്ചും അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും.
നടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്. ഞാനും അമ്മയിലെ മറ്റ് അംഗങ്ങളും ആ കുട്ടിയുടെ പക്ഷത്തായിരുന്നു. നടിക്കെതിരെ ആരെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ അമ്മ ശക്തമായി ഇടപ്പെടുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ അമ്മ ഇടപെടാത്തതു കൊണ്ട് ഒന്നുമല്ല സ്ത്രീകള്‍ സംഘടനയുണ്ടാക്കിയത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് പുതിയ സംഘടന. സിനിമയില്‍ ഉള്ള സ്ത്രീകള്‍ക്ക് എല്ലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അതിന് സര്‍ക്കാര്‍ ഉത്തരവാദിത്ത്വപരമായ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കമ്മീഷന്‍ അത് അന്വേക്ഷിക്കുകയും ചെയ്യുമെന്ന് എം.എല്‍.എ. കൂടിയായ ഗണേഷ്‌കുമാര്‍ പറഞ്ഞു.