ജനകീയ മെട്രോ യാത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

കൊച്ചി മെട്രോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തില്‍ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാനും സാധ്യതയുണ്ട്. ഡി.സി.സിയാണ് യാത്ര സംഘടിപ്പിച്ചത്.

നേരത്തെ, ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ കെ.എം.ആര്‍.എല്ലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്.