മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കാന്‍ എന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി : പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറുന്ന കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും അവസാനം നീണ്ട മൗനത്തില്‍ നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ വേദിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഗോരക്ഷയുപടെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടത്. അഹിംസയുടേയും സാഹോദര്യത്തിന്റേയും രാജ്യമാണ് ഭാരതമെന്ന് ആരും മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈദുല്‍ഫിത്തര്‍ അനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങി വന്നിരുന്ന ഹരിയാനയിലെ ജുനൈദിനെ ഒരു കൂട്ടം ഗോരക്ഷകര്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വീടിനുമുന്നില്‍ ചത്തപശുവിനെ കണ്ട യുവാവിനേയും ഗോരക്ഷകര്‍ മര്‍ദ്ദിച്ചിരുന്നു. കൂടാതെ അന്‍സാരിയുടെ വീടിന് തീയിടുകയും ചെയ്തു. രാജ്യത്ത് ചുരുങ്ങിയ ദിവസങ്ങളില്‍ തന്നെ ഗോരക്ഷകരുടെ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ പ്രധാനമന്ത്രി ഇന്നാണ് പ്രതികരിക്കുന്നത്. മഹാത്മാഗാന്ധിയുടെ നാട്ടിലാണ് നാം ഉള്ളത്. ഇത് അഹിംസയുടെ നാടാണ്. അക്രമം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല. നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാം. മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തിനനുസരിച്ച് ഇന്ത്യയെ വാര്‍ത്തെടുക്കാം- പ്രധാനമന്ത്രി വ്യക്തമാക്കി. ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മാഗാന്ധിയും ആചാര്യ വിനോബ ഭാവയും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മറ്റാരും പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ഇപ്പോള്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒരിക്കലും മഹാത്മാഗാന്ധി അംഗീകരിക്കുമായിരുന്നില്ല എന്നും ഇക്കാര്യങ്ങള്‍ മറക്കുന്നവരാണ് പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത്. മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടത്- പ്രധാനമന്ത്രി പറഞ്ഞു.