എടുക്കും ഇനിയും എടുക്കും ബോംബ് കയ്യിലുണ്ടെങ്കില്‍ അതും എടുക്കും

മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. തന്റെ എഫ്.ബി. പോജിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

പാവപ്പെട്ട തൊഴിലാളികളെ കാണാനാണ് താന്‍ പോയതെന്നും  ഇനി തോക്കല്ല ബോംബ് വേണമെങ്കിലും എടുക്കാനൊരുക്കമാണെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.  പോലീസില്‍ പരാതി പറഞ്ഞതിന് ശേഷം എന്റെ അടുക്കല്‍ വന്ന 52 കുടുംബങ്ങളിലെ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്നവരെ അവരുടെ വീടുകളില്‍ ചെന്ന് കണ്ടു. അവരുടെ പ്രശ്‌നപരിഹാരത്തിന് തൊഴിലാളി നേതാക്കളുമായി സംസാരിച്ച് തുടങ്ങി. അപ്പോഴാണ് തൊഴിലാളികളുടെ ഇടയിലെ വഞ്ചകരായ ഗുണ്ടകള്‍ എനിക്ക് നേരെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാന്‍ തുടങ്ങിയതെന്നും പി.സി. ജോര്‍ജ്ജ് തന്റെ എഫ്.ബി. പോസ്റ്റില്‍ പറയുന്നു.

അവിടുത്തെ തൊഴിലാളികള്‍ താമസിക്കുന്ന വീടുകളുടെ ചിത്രങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

 

എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം 

പി. സി. ജോർജ്ജ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി.

ആഘോഷിക്കുകയാണ്, ആഘോഷിച്ചോളൂ.
സത്യം മറച്ച് വെച്ച് തൊഴിലാളികൾ, തൊഴിലാളികൾ എന്ന് വിളിച്ച് വാർത്തക്ക് നിറം പകരുമ്പോൾ നിങ്ങൾക്കത് ഒരു ദിവസത്തെ അന്തിചർച്ചക്കുള്ള ചൂടേറിയ വിഭവമാകുമായിരിക്കാം, അതങ്ങനെ ആയിക്കോട്ടെ, ആഘോഷിച്ചോളൂ…

കയറിക്കിടക്കാൻ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ ആറിന്റെ ഓരത്ത് പുറമ്പോക്കിൽ താമസിക്കുന്ന 52 കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് മുണ്ടക്കയത്ത് ഹാരിസൺ എസ്റ്റേറ്റിൽ പോയത്.

നൂറു വര്‍ഷത്തിലേറെയായി  അവിടെ പുറമ്പോക്കിൽ താമസിക്കുന്ന ഈ പാവങ്ങളെ അവിടെ നിന്ന് ഓടിക്കാൻ ഏതോ എസ്റ്റേറ്റ് (ലീസ് കാലാവധി കഴിഞ്ഞ) മുതലാളിക്ക് തോന്നൽ വന്നു.

കഴിഞ്ഞ ഒരാഴച്ചയായി പുറമ്പോക്കിൽ താമസിക്കുന്ന ഇവരെ കുടി ഒഴുപ്പിക്കാൻ എസ്റ്റേറ്റ് മുതലാളിയുടെ ഗുണ്ടകൾ (നിങ്ങൾ തൊഴിലാളികൾ എന്ന് വിളിക്കുന്നവർ) ഈ പാവങ്ങളുടെ വീടിന്ന് നേരെ രാത്രി കാലങ്ങളിൽ കല്ലെറിയുകയും, ഇവരുടെ സൈക്കിൾ, കോഴിക്കൂട്, കഞ്ഞി വെക്കാൻ പെറുക്കി കൂട്ടുന്ന വിറകും മറ്റും എടുത്ത് ആറ്റിലേക്ക് വലിച്ചെറിയുകയും അവിടെയുള്ള സ്ത്രീകളെ കുട്ടികളെയും വഴിയിൽ ഭീക്ഷണിപ്പെടുത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.

ഇവരുടെ വീടുകളിലേക്ക് ഇവർ പോകുന്ന വഴി എസ്റ്റേറ്റ് മുതലാളി ഗുണ്ടകളെക്കൊണ്ട് കെട്ടിയടക്കാനും തുടങ്ങി.

മഴയൊന്ന് കടുത്ത് ആറ്റിൽ വെള്ളം വന്നാൽ തന്നെ വീട് മുങ്ങി പോവുകയും പിന്നീട് രാത്രികാലങ്ങളിൽ പോകാൻ മറ്റിടങ്ങളില്ലാതെ റബ്ബർ തോട്ടത്തിൽ മഴയും നനഞ്ഞ് കൈക്കുഞ്ഞുങ്ങളുമായി ഇരിക്കേണ്ട അവസ്ഥയുള്ളവരാണ് ഈ പാവങ്ങൾ.

പോലീസിൽ പരാതി പറഞ്ഞതിന് ശേഷം എന്റെ അടുക്കൽ വന്ന ഈ 52 കുടുംബങ്ങളിലെ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്നവരെ അവരുടെ വീടുകളിൽ ചെന്ന് കണ്ട്, പ്രശ്നപരിഹാരത്തിന് തൊഴിലാളി നേതാക്കളുമായി സംസാരിച്ച് തുടങ്ങിയപ്പോഴാണ്. ഹാരിസൺ എസ്റ്റേറ്റ് മുതലാളിയുടെ എച്ചിൽ തിന്നും, കുടിച്ചും കൊഴുത്ത തൊഴിലാളികളുടെ ഇടയിലെ വഞ്ചകരായ ഗുണ്ടകൾ എനിക്ക് നേരെ അസഭ്യം പറയുകയും, “ഇവിടെ നിന്ന് പൊക്കോ” എന്ന് പറഞ്ഞു ആക്രോശിക്കാനും ആക്രമിക്കാനും തുടങ്ങി.

“അങ്ങനെ പോകാൻ സൗകര്യമില്ലടാ” എന്ന് പറഞ്ഞുതന്നെ അവിടെ നിന്നു.

ഇവന്മാരുടെ ഗുണ്ടായിസവും കണ്ട് അവിടെയുള്ള 52 കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയാതെ ഞാൻ അവിടെനിന്ന് പോയാൽ, പിന്നെ ഞാൻ എന്ത് ജനപ്രതിനിധിയാ…

“എടുക്കും.. ഇനിയും എടുക്കും…”

 

എന്റെ അടുക്കൽ പരാതിയുമായി വരുന്ന 52 കുടുംബങ്ങളല്ല ഇനി അത് ഒരു കുടുംബമാണെങ്കിലും പാവപ്പെട്ടവനെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ബോംബ് കയ്യിലുണ്ടേൽ അതും എടുക്കും…

പി.സി ജോർജ്ജ്.

 

 

 

കുറിപ്പ്: “തോക്ക്”
ആഘോഷിക്കുന്നതിനൊപ്പം ഈ ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം പച്ചയായ കുറച്ച് മനുഷ്യ ജീവിതങ്ങളുടെ ചിത്രങ്ങൾ കൂടി ചേർത്തിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ.