സെറീനയോട് മാപ്പ് പറയാന്‍ തയ്യാറല്ല: മക്കെന്റോ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വനിതാ ടെന്നീസ് താരവും 23 ഗ്രാന്‍ഡ്സ്ലാം കിരീടജേത്രിയുമായ സെറീന വില്യംസിനെ കളിയാക്കിയുള്ള പരാമര്‍ശങ്ങള്‍ക്ക് മാപ്പുപറയാന്‍ ഒരുക്കമല്ലെന്ന് ടെന്നീസ് ഇതിഹാസം ജോണ്‍ മക്കെന്റോ. തനിക്ക് പറയാന്‍ തോന്നിയത് പറഞ്ഞു, അതിന് സെറീനയ്ക്ക് പറയാനുള്ള മറുപടി സെറീനയും പറഞ്ഞു. അപ്പോഴും താന്‍ പറഞ്ഞതിന് പരിഹാരമായിട്ടില്ല. പറഞ്ഞതില്‍തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും മക്കെന്റോ സിഡ്നി മോണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വനിതാ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമായ സെറീന പുരുഷന്മാര്‍ക്കൊപ്പം കളിക്കുകയാണെങ്കില്‍ 700ാം റാങ്കുകാരിയായിരിക്കുമെന്നായിരുന്നു മക്കെന്റോയുടെ പരിഹാസം കലര്‍ന്ന പരാമര്‍ശം. അതിന് സെറീന ട്വിറ്ററില്‍ മറുപടിയും നല്‍കി. താന്‍ ഗര്‍ഭിണിയാണെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും സെറീന കുറിച്ചു.

എന്നാല്‍ സെറീനയെ കളിയാക്കി വിവാദമുണ്ടാക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നാണ് മക്കെന്റോയുടെ വാദം. ഗര്‍ഭിണിയായ സെറീനയെ പ്രസ്താവനകള്‍കൊണ്ട് വിഷമിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും മുന്‍ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ പറഞ്ഞു. എങ്കിലും പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ കളിച്ചുനോക്കിയാല്‍ തന്റെ ആദ്യ പരാമര്‍ശത്തിന് പരിഹാരമാകുമെന്നും ഇത് മുമ്പ് ആയിരംതവണ പറഞ്ഞുകഴിഞ്ഞതാണെന്നും മക്കെന്റോ പറഞ്ഞു.