കൊച്ചിയിലെ സ്ത്രീകളുടെ അശ്രദ്ധ ; മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ അടച്ചിടാന്‍ അധികൃതരുടെ തീരുമാനം

പാലാരിവട്ടം : ആഡംബര പൂര്‍ണ്ണമായി ഉത്ഘാടനമൊക്കെ നടത്തി എങ്കിലും വിവാദങ്ങളില്‍ നിറയുകയാണ് കൊച്ചി മെട്രോ. മെട്രോ സര്‍വീസിനെ നല്ലതുപോലെ കൊണ്ട് പോകേണ്ടത് ജനങ്ങളുടെ കൂടെ കടമയാണ് എന്ന് അധികൃതര്‍ പല തവണയായി പറയുന്നു എങ്കിലും കൊച്ചിയിലെ ജനങ്ങള്‍ അത് കേട്ട ഭാവം പോലും നടിക്കുന്നില്ല. മെട്രോ സിറ്റിയാണ് എന്ന് പേരൊക്കെ ഉണ്ടെങ്കിലും ജനങ്ങളുടെ മനസ്ഥിതി മാറിയിട്ടില്ല എന്നതിനുള്ള തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത. മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികള്‍ അടച്ചിട്ടേക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നു കൊടുത്ത ശുചിമുറികളാണ് ജനങ്ങളുടെ മുഖ്യമായും സ്ത്രീകളുടെ അശ്രദ്ധമായ ഉപയോഗം കാരണം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികളുടെ പരിപാലനമാണ് ഇപ്പോള്‍ കെഎംആര്‍എല്ലിന് തലവേദനയായിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് ശുചിമുറികളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പാലാരിവട്ടം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, എന്നീ മെട്രോ സ്റ്റേഷനുകളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മാത്രമാണ് ശുചിമുറികള്‍ ഉപയോഗിക്കാനുള്ള സൗകര്യമുള്ളത്. എന്നാല്‍ മറ്റ് എട്ട് മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനായി തുറന്നുകൊടുത്തിട്ടുണ്ട്. നഗരത്തില്‍ പൊതു ശുചിമുറികള്‍ കുറവാണെന്നതിനാലാണ് മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. എന്നാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലെടുത്ത തീരുമാനം ഇപ്പോള്‍ ഇവര്‍ക്ക് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. സ്ത്രീകളാണ് മുഖ്യമായും പ്രശ്‌നം രൂക്ഷമാക്കിയത്. സാനിറ്ററി നാപ്കിനുകളും പാഡുകളും ശുചിമുറികളിലും ക്ലോസറ്റുകളിലും ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. സാനിറ്ററി നാപ്കിനുകള്‍ ക്ലോസറ്റില്‍ ഉപേക്ഷിക്കുന്നത് കാരണം ഒരാഴ്ചയ്ക്കിടെ പല തവണയാണ് പൈപ്പിലെ ഒഴുക്ക് തടസപ്പെട്ടത്. ഇതുകൂടാതെ ക്ലോസറ്റ് സീറ്റുകളും നശിപ്പിക്കുന്നത് കാരണം ദിവസവും പുതിയത് മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മെട്രോ ജീവനക്കാര്‍ ബോധവത്ക്കരണം നല്‍കുന്നുണ്ട്. ജനങ്ങളെ ബോധവത്ക്കരിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.