രണ്ട് വയസ്സുള്ള കുട്ടിയുടെ ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു; സംഭവം നല്ല വിലയ്ക്ക് വില്‍പ്പന നടത്താന്‍

രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി വാട്ട്‌സ്ആപ്പ് വഴി വില്‍ക്കാന്‍ ശ്രമിച്ചു. സംഭവം ഡല്‍ഹിയില്‍. കുട്ടിയെ തട്ടികൊണ്ട് പോയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് 1.8 ലക്ഷ്യം രൂപയ്ക്കാണ് കുട്ടിയെ വില്‍പ്പനയ്ക്കു വച്ചത്.

കുട്ടിയെ ആറു സ്ഥലങ്ങളില്‍ കൊണ്ടുപോയിരുന്നു. പിന്നീടാണ് ഡല്‍ഹിയിലെത്തിച്ചത്. കൂടുതല്‍ പണത്തിന് വില്‍ക്കണമെന്നായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. വാട്‌സ്ആപ്പിലൂടെ ചിത്രം പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചതിനു പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ കുട്ടിയെ രഘുബീര്‍ നഗറിലുള്ള ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രാധ (40), സോണിയ (24), സരോജ് (34), ജാന്‍ മുഹമ്മദ് (40) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

മാതാപിതാക്കള്‍ നമസ്‌കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നതെന്ന് പിടിയിലായ ജാന്‍ മുഹമ്മദ് പോലീസിനോട് പറഞ്ഞു. കുട്ടിയെ വിറ്റുകിട്ടുന്നതില്‍ നിന്നും നല്ല പങ്ക് നല്‍കാമെന്നു പറഞ്ഞ ജാന്‍ കുഞ്ഞിനെ രാധയുടെ വീട്ടിലെത്തിച്ചു. കുറച്ചുദിവസം വീട്ടില്‍ സൂക്ഷിച്ച കുഞ്ഞിനെ രാധ, ഒരു ലക്ഷം രൂപയ്ക്ക് സോണിയയ്ക്കു കൈമാറി. പിന്നീട് സോണിയ, സരോജിനും. സരോജാണ് വാട്‌സാപ്പ് വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് വില്‍പ്പനയ്ക്കായി ശ്രമിച്ചത്.