നഴ്‌സുമാരുടെ വേതനം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കണം- യുഎന്‍എ
നഴ്‌സുമാരുടെ വേതനം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ.) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ തൊഴിലാളി നിഷേധ നിലപാടുകള്‍ക്കെതിരെ തുടരുന്ന സത്യഗ്രഹ സമരം തൃശൂരില്‍ 12 ദിവസവും സെക്രട്ടേറിയറ്റ് പടിക്കലും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളില്‍ മൂന്ന് ദിവസവും പിന്നിട്ടു.
പകര്‍ച്ച പനി ബാധിതരുള്‍പ്പെടെ രോഗികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാത്തവിധമാണ് പ്രക്ഷോഭ പരിപാടികള്‍ തുടരുന്നത്. രോഗികളോടുള്ള കടപ്പാട് മാത്രമെ ഈ ഘട്ടത്തില്‍ നഴ്‌സുമാര്‍ക്കുള്ളൂ. ആശുപത്രികളില്‍ സേവനമഷ്ടിക്കുന്ന നഴ്‌സുമാര്‍ മാനേജ്‌മെന്റുകളോട് നിസഹകരണ സമരം തുടരുകയാണ്. നിര്‍ദ്ദേശങ്ങളില്‍ സമവായമെടുക്കാനാവാതെ ഐ.ആര്‍.സിയുടെ മിനിമം വേജ് കമ്മിറ്റി അസാധുവായ സാഹചര്യത്തില്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചിരുന്നെങ്കിലും ഇതിന് ജൂലൈ 20 വരെ കാത്തുനില്‍ക്കേണ്ട സാഹചര്യമാണ്.
ഐ.ആര്‍.സി. മിനിമം വേജ് കമ്മിറ്റിയില്‍ വേതന വര്‍ദ്ധനവ് സംബന്ധിച്ച ട്രേഡ് യൂണിയനുകളുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റുകളുടെ പിടിവാശിയാണ് നഴ്‌സുമാരെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത്. സ്വകാര്യ ആശുപത്രികളിലെ ഗ്രേഡ്എട്ട് കാറ്റഗറിയിലുള്ള ജീവനക്കാര്‍ക്ക് 18,900 രൂപ മിനിമം വേതനം കണക്കാക്കിയാണ് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നിര്‍ദേശം നല്‍കിയത്. എന്നാല്‍ 30 ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ദ്ധനവിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റുകള്‍. ഈ സാഹചര്യത്തില്‍ മിനിമം വേതനം ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് ആവശ്യം.
മന്ത്രി വിളിക്കുന്ന യോഗം വരെ ആശുപത്രികളില്‍ നഴ്‌സുമാര്‍ പണിമുടക്കില്ലെന്ന് ലേബര്‍ കമ്മിഷണര്‍ക്ക് ഐ.ആര്‍.സി. മിനിമം വേജസ് കമ്മിറ്റി യോഗത്തില്‍ യു.എന്‍.എ. ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, നഴ്‌സുമാരുടെ നിഷ്‌കളങ്കതയും സഹനശേഷിയും മുതലെടുത്ത് തൊഴിലാളി ദ്രോഹം തുടരാനാണ് മാനേജ്‌മെന്റും തൊഴില്‍ വകുപ്പും ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ സമരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്ന് ജാസ്മിന്‍ഷ വ്യക്തമാക്കി. ജൂലൈ 11 ന് അരലക്ഷം നഴ്‌സുമാര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇതിനുള്ള മുന്നറിയിപ്പായിരിക്കുമെന്നും ജാസ്മിന്‍ഷ പറഞ്ഞു.