സൗദിയില്‍ പൊതുമാപ്പ് നീട്ടി; കീഴടങ്ങി മടങ്ങുന്നവര്‍ക്ക് ഇളവ്

റിയാദ് : സൗദിയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി നിയമലംഘനം നടത്തിയവര്‍ക്ക് പിഴയോ തടവോ കൂടാതെ നാടുകളിലേക്ക് മടങ്ങുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ശവ്വാല്‍ ഒന്നു മുതല്‍ ഒരു മാസത്തേക്കാണ് പൊതുമാപ്പ് കാലയളവ് ദീര്‍ഘിപ്പിച്ചതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

റമദാന്‍ അവസാനിച്ചതോടെ സമാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത വിദേശികള്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണമെന്നും സൗദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ ആവശ്യപ്പെട്ടു.  തടവ്, പിഴകള്‍, ഫീസുകള്‍, വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നീ ശിക്ഷകളില്‍ നിന്ന് പൊതുമാപ്പില്‍ കീഴടങ്ങി മടങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും.

സുരക്ഷാവിഭാഗം മുമ്പാകെ കീഴടങ്ങുന്ന ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘകരെ സ്വീകരിക്കാന്‍ മുഴുവന്‍ പ്രവിശ്യകളിലേയും ജവാസാത്ത് കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കാന്‍ സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ നിര്‍ദേശിച്ചതായി ജവാസാത്ത് മേധാവി പറഞ്ഞു.

പൊതുമാപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും മുഴുവന്‍ സുരക്ഷാവിഭാഗങ്ങളുമായും സഹകരിച്ച് കാമ്പയിന്‍ വിജയിപ്പിക്കുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജവാസാത്ത് വെബ്‌സൈറ്റുകളിലും ഔദ്യോഗിക അക്കൗണ്ടുകളിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.