താര സംഘടനയായ അമ്മയുടെ യോഗവും അതില്‍ അവര്‍ സ്വീകരിച്ച നിലപാടുകളും ആണധികാരത്തെയാണ് സൂചിപ്പിക്കുന്നതായി സുജ സൂസന്‍ ജോര്‍ജ്

താരസംഘടനയായ അമ്മയ്ക്കെതിരെ എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആരോപണം ശ്രദ്ധേയമായി. താര സംഘടനയായ അമ്മ യോഗവും അതില്‍ അവര്‍ സ്വീകരിച്ച നിലപാടുകളും ആണധികാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുജ പറയുന്നു.

സുജ സൂസന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും ദിലീപും മുകേഷും ഗണേഷും മണിയന്‍പിള്ള രാജുവും ഒക്കെ ചേര്‍ന്നാല്‍ കേരളത്തില്‍ എന്തൊരു ശക്തിയാണ്! അവരെല്ലാം ചേര്‍ന്നാണ് ദിലീപിനെ വേട്ടയാടാനനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി വരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയെക്കുറിച്ച് ദിലീപിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണിത്. ക്ഷുഭിതരായ താരങ്ങള്‍ പത്രസമ്മേളനത്തില്‍ തന്ത്രവും നയവുമൊക്കെ വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. എത്ര ശക്തമായ പ്രതികരണം!

പക്ഷേ, അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഈ സംഘടന പ്രതികരിച്ചതെങ്ങനെയാണ്? ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു നടി വഴിക്ക് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. മാനക്കേടാണെന്ന് കരുതി ആ പെണ്‍കുട്ടി മിണ്ടാതിരുന്നില്ല. സുഹൃത്തുക്കളോട് പറഞ്ഞു, പൊലീസില്‍ പരാതി കൊടുത്തു. മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സഹപ്രവര്‍ത്തകരായ നടീനടന്‍മാരില്‍ പലരും ശക്തമായി പിന്തുണച്ചു. മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, പൃഥ്വിരാജ് എന്നിവര്‍ പ്രത്യേകിച്ചും. ആക്രമിച്ചവരെ പൊലീസ് പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്നു.

പക്ഷേ, ആ അഭിനേതാവ് അംഗമായിട്ടുള്ള താരസംഘടന രണ്ടു ദിവസം കഴിഞ്ഞ്, കേരളമാകെ പ്രതിഷേധിച്ച് കഴിഞ്ഞ് താരരാജാക്കള്‍ എവിടെ എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് എറണാകുളത്ത് ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. ഇപ്പോഴും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ അലസമായ ഒരു പിന്തുണ പ്രഖ്യാപിക്കല്‍ മാത്രമാണുണ്ടായത്.

തികഞ്ഞ പുരുഷാധിപത്യവ്യവസ്ഥയാണ് നമ്മുടെ സിനിമ. അതു തന്നെയാണ് സിനിമ സംഘടനകളുടെയും സ്വഭാവം. ഒരു ആധുനിക സമൂഹത്തിലെ സിനിമാനടന്മാരായിരുന്നു ഇവരെങ്കില്‍, ആക്രമിക്കപ്പെട്ട ഈ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടുക എന്നതിനാണ് ഒന്നാമത്തെ പരിഗണന എന്നു പറഞ്ഞേനെ!

കഴിഞ്ഞ നൂറ്റാണ്ടിലെ നീതി ബോധവുമായി നടക്കുന്നവരാണ് മണ്ണിലേക്കിറങ്ങി വന്ന ഈ താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയോട് നിസംഗമായ പിന്തുണയും ജനപ്രിയ നായകന് വീറോടെയുള്ള പിന്തുണയും എന്ന താരസംഘടനയുടെ നിലപാട് അപലപിക്കപ്പെടണം.

ഈ ആണധികാര കോട്ടയില്‍ സ്ത്രീ തുല്യതയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എല്ലാ പിന്തുണയും.സുജ സൂസന്‍ ജോര്‍ജ്