ഇനിയിവിടെ ഒറ്റ നികുതി ; ആശങ്കകള്‍ വോഗത്തില്‍ നീങ്ങുമെന്ന് പ്രധാന മന്ത്രി, ചടങ്ങില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടു നിന്നു

രാജ്യം ഇന്നു മുതല്‍ ഏകീകൃത ചരക്കു സേവന നികുതി സമ്പ്രദായത്തില്‍. പാര്‍ലമെന്റില്‍ അര്‍ധരാത്രി സമ്മേളനം ചേര്‍ന്നാണ് രാജ്യം പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയ വിവരം പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യപിച്ചത്. ജി.എസ്.ടിയെ മികച്ചതും ലളിതവുമായി നികുതി സമ്പ്രദായമെന്ന് പാര്‍ലമെന്റില്‍ അര്‍ധരാത്രി ചേര്‍ന്ന സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചു.

ഗുഡ് സിംപിള്‍ ടാക്‌സ് എന്ന പദമാണ് അദ്ദേഹം അതിനായി ഉപയോഗിച്ചത്. ആശങ്കകള്‍ ഉടന്‍ നീങ്ങുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ജി.എസ്.ടി. കൊണ്ടുവന്നത് ഒരു പാര്‍ട്ടിയുടെയും കുത്തകയായി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും കൂട്ടായ പരിശ്രമത്തിലൂടെയാണ് രാജ്യം ജി.എസ്.ടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പതിനാല് വര്‍ഷത്തെ തയ്യാറെടുപ്പുകളുടെ പര്യവസാനമാണ് ഒറ്റനികുതി സമ്പ്രദായമെന്നും ജി.എസ്.ടി. ഫലപ്രദമായി നടപ്പിലാക്കുന്നതിലാണ് വിജയമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

രജ്യത്തെ സ്വതന്ത്ര പിറവിയെ അനുസ്മരിച്ച് പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രിയാണ് ജി.എസ്.ടി. സമ്മേളനവും നടന്നത്. വെള്ളിയാഴ്ച്ച രാത്രി 11 മുതല്‍ 12 വരെ പാര്‍ലമെന്റ് ചേര്‍ന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ലോക്‌സഭ സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എം.പിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, തുടങ്ങി അറന്നൂളോളം പേര്‍് ജി.എസ്.ടി. പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തു.

മതിയായ തയ്യാറെടുപ്പകളില്ലാതെ ജി.എസ്.ടി. നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ. ആംആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു.