അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍
അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍.ഡി.എഫ്. കൊല്ലം ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍. അമ്മയുടെ ജനറല്‍ ബോഡിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടന്‍ മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.എം. ജില്ലാക്കമ്മറ്റിയില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ജില്ലാ കണ്‍വീനറുടെ രൂക്ഷ വിമര്‍ശനം.
ദിലീപിന് അനുകൂലമായ നിലപാട് കേസന്വേഷണത്തെ ബാധിക്കുമെന്നും ഒരു ജനപ്രതിനിധി ഒരിക്കലും അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി, ഇങ്ങനെ പരസ്യമായി, അന്വേഷണം ആര്‍ക്കെതിരെ നടക്കുന്നുവോ അയാള്‍ കുറ്റക്കാരനല്ലെന്ന് പറയരുതെന്നും അത് ശരിയല്ലായെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പോള്‍ വിധിച്ചാല്‍ പിന്നെ പോലീസും കോടതിയും വേണ്ടല്ലോ, അവരങ്ങ് വിധിച്ചാല്‍ മതിയല്ലോ എന്നും അനിരുദ്ധന്‍ പറഞ്ഞു. അമ്മയുടെ മെംബറാണ് താന്‍, അതുകൊണ്ട് അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചെ പ്രവര്‍ത്തിക്കു എന്നു പറഞ്ഞാല്‍ ഒരു ജനപ്രതിനിധിയാകാന്‍ ഒക്കത്തില്ല. അമ്മയുടെ കാര്യം നടപ്പാക്കാനല്ല, ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജില്ലാ കമ്മിറ്റി മുകേഷിനോട് വിശദീകരണം തേടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.