സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; അക്രമരാഷ്ട്രീയത്തിനിരയായവരില്‍ അധികവും സിപിഎം പ്രവര്‍ത്തകരെന്നു കണക്കുകള്‍

 

കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന സംഘപരിവാര്‍ പ്രചരണങ്ങളെ പൊളിച്ചെഴുതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ‘ഇന്ത്യാ ടുഡേ’ എഡിറ്ററുമായ രജ്ദീപ് സര്‍ദേശായി. 2005-2015 കാലയളവില്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ കണക്കുകളാണ് രജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ വഴി രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ പാര്‍ട്ടി തിരിച്ചുള്ള വിവരങ്ങളാണ് ഗ്രാഫിന്റെ സഹായത്തോടെ രജ്ദീപ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 51 സി.പി.എം. പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിയ്ക്ക് ഇരയായി. എന്നാല്‍ ഇതേ കാലയളവില്‍ 35 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ബി.ജെ.പി ദേശീയതലത്തില്‍ കേരളത്തില്‍ സി.പി.എം. അക്രമ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്നു വ്യാപക പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് ഈ വസ്തുത കണക്കുകള്‍ നിരത്തി രാജ്ദീപ് തുറന്നു കാണിക്കുന്നത്.

ഇക്കാലയളവില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും രണ്ട് എന്‍.ഡി.എഫ്. പ്രവര്‍ത്തകരും രാഷ്ട്രീയ കൊലപാതകത്തിനിരയായിട്ടുണ്ട്. ശിവസേന, ജെ.ഡി.യു, ആര്‍.എം.പി എന്നീ പാര്‍ട്ടികളുടെ ഓരോ അംഗങ്ങള്‍ വീതവും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കണക്കുകളില്‍ നിരത്തുന്നുണ്ട്.

കേരളത്തിലെ സി.പി.എം. അക്രമരാഷ്ട്രീയം തുറന്നു കാണിക്കാനായി സംഘപരിവാര്‍ നേതൃത്വത്തില്‍ ചിത്ര പ്രദര്‍ശനം വരെ രാജ്യത്തിന്റെ പലകോണുകളിലും സംഘടിപ്പിച്ചിരുന്നു. കൂടാതെ സി.പി.എം. നേതാക്കളില്‍ പലര്‍ക്കും വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യവും നിലനില്‍ക്കെ തന്നെയാണ് കണക്കുകള്‍ നിരത്തി രാജ്ദീപ് സര്‍ദേശായി സംഘപരിവാര്‍ പ്രചരണത്തെ പൊളിച്ചടുക്കുന്നത്.