ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയിയല്ലെന്നും ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പിയേയും സെന്‍കുമാര്‍ പരിഹസിച്ചു. പോലീസ് ആസ്ഥാനത്ത് ടോമിന്‍ തച്ചങ്കരിയെ ഇടത് സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് പരിഹാസം. ന്യൂറോ സര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയാണിതെന്നും ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും സെന്‍കുമാര്‍ പരിപാടിയില്‍ വ്യക്തമാക്കി.

ഏറെ നാളത്തെ നിയമപോരാട്ടത്തിനുശേഷം സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാര്‍ ഇന്നലെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ലാ നടക്കുന്നതെന്നും പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം വേണമെന്നും ഇന്നലെ സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.