മെമ്മറി കാര്‍ഡ് തേടി പോലീസ് ലക്ഷ്യയില്‍; കാവ്യയുടെ സ്ഥാപനത്തില്‍ കാര്‍ഡ് ഏല്‍പ്പിച്ചെന്ന് മൊഴി കൊടുത്തത് പള്‍സര്‍ സുനി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വീട്ടിലും വസ്ത്രവ്യാപാര സ്ഥാപനത്തിലും പോലീസ് റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്ന് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി പോലീസിനു നല്‍കിയ മൊഴി.
കൂട്ടുപ്രതിയായ വിജീഷാണ് ഇത് കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചതെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയിലെ വസ്തുതകള്‍ പരിശോധിക്കാനാണ് പോലീസ് പരിശോധന നടത്തിയതും സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചതും.
കാവ്യ മാധവന്റെ വീട്ടില്‍ ഇന്നലെ പോലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലും പരിശോധനയ്ക്കായി എത്തിയത്.
നടന്‍ ദിലീപുമായുളള വിവാഹത്തിന് മുന്‍പാണ് കാവ്യ മാധവന്‍ വസ്ത്രവ്യാപാരത്തിലേക്ക് കടക്കുന്നതും ലക്ഷ്യയ്ക്ക് തുടക്കം കുറിക്കുന്നതും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ കത്തിലെ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുളള അന്വേഷണമാണ് പോലീസിനെ ഇങ്ങോട്ട് എത്തിച്ചിരിക്കുന്നത്.