ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്‌ലിയും യുവരാജും ഒത്തുകളിച്ചു ; ആരോപണവുമായി കേന്ദ്ര സഹമന്ത്രി

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങും ഒത്തുകളി നടത്തിയെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. ഫൈനലില്‍ പാക്കിസ്ഥാനോട് ഒത്തുകളിച്ചതാണ് ഇന്ത്യ പരാജയപ്പെടാന്‍ കാരണമെന്നാണ് മന്ത്രിയുടെ ആരോപണം.

ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കസ്ഥാനെ തകര്‍ത്ത ടീം കലാശ പോരാട്ടത്തില്‍ 180 റണ്ണിനായിരുന്നു പരാജയപ്പെട്ടത്. ഇതാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരുതാരങ്ങളും ഫൈനലില്‍ മാത്രം എങ്ങനെ മോശം ഫോമിലേയ്ക്കു പോയി എന്നാണ് അത്താവാലെ ചോദിക്കുന്നത്.

2009ന് ശേഷം പാക്കിസ്ഥാന്‍ നേടിയ ആദ്യ ഐ.സി.സി. ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്, അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരിശീലക സ്ഥാനത്ത് കുംബ്ലെ ഉണ്ടായിട്ടും നിറം മങ്ങിയ പ്രകടനം കോഹ്‌ലി കാഴ്ച്ചവെച്ചതാണ് ഈ സംശയം താന്‍ ഉന്നയിക്കുന്നതിന് ആധാരമായ കാര്യമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ യാതൊരു തെളിവുകളുടെയും പിന്‍ബലത്തിലല്ല മന്ത്രിയുടെ ഒത്തുകളി ആരോപണം. താരങ്ങള്‍ ഫൈനലില്‍ നിറം മങ്ങിയത് മാത്രമാണ് അദ്ദേഹം ഉന്നയിക്കുന്ന സംശയം.