ദിലീപിന്റെ സെല്‍ഫിയില്‍ സുനിയും; പോലീസിനു ലഭിച്ച ചിത്രങ്ങള്‍ പുറത്ത്, ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റ ലൊക്കേഷനില്‍ പള്‍സര്‍ സുനിയും

പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതായി പോലീസ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുളള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്.

ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തത്. 2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്. തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിങ്.

ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലബ്ബിലെ അംഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുളള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പള്‍സര്‍ സുനി പറഞ്ഞതും പോലീസ് പരിശോധിക്കുകയാണ്.