പള്‍സറിന്റെ സഹ തടവുകാരന്റെ മൊഴി പുറത്ത്; ദിലീപ് നാദിര്‍ഷ കാവ്യ ഉള്‍പ്പെടെ ആറു പേരെക്കൂടി പോലീസ് ഉടന്‍ ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തല്‍.സുനിയുടെ സഹ തടവുകാരന്റെ രഹസ്യ മൊഴി പുറത്ത്. സുനില്‍ നാദിര്‍ഷായെ വിളിച്ചത് കേട്ടുവെന്നാണ് മൊഴിയിലുള്ളത്. സുനിയുടെ സെല്ലിലെ സഹതടവുകാരന്‍ ജിന്‍സണ്‍ന്റെ മൊഴിയാണ് പുറത്തു വന്നത്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലുള്ള പോലീസിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നേക്കും.
ദിലീപിനെയും നാദിര്‍ഷയെയും കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെയുമാണ് പോലീസ് ഉടന്‍ ചോദ്യം ചെയ്യുകയെന്നായിരുന്നു നേരത്തേ ലഭ്യമായ വിവരം. എന്നാല്‍ കാവ്യ മാധവനെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും കൂടാതെ മറ്റൊരു നടിയെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
അതേസമയം അപ്പുണ്ണി പോലീസിന് നല്‍കിയ ഫോണ്‍വിളിയുടെ ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത കോള്‍ ഹാജരാക്കണമെന്ന് പോലീസ് അപ്പുണ്ണിയോട് ആവശ്യപ്പെട്ടു. സുനില്‍കുമാറിനോട് അപ്പുണ്ണി കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കും.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി നേരത്തേ പോലീസിനോട് പറഞ്ഞ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതിന് പുറമേ കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ കണ്ടെത്താനാണ് കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ലോ്ക്‌നാഥ് ബഹ്‌റ രാവിലെ നല്‍കിയത്.