പുതുവൈപ്പ് സമരം: പോലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ ആനിരാജ

പുതുവൈപ്പില്‍ എല്‍.പി.ജി. പ്ലാന്റ് നിര്‍മ്മാണത്തിന് എതിരെ നടന്ന സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. നേതാവ് ആനി രാജ. പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനങ്ങളാണെന്നും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പുതുവൈപ്പില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി ഡി.സി.പി. യതീഷ് ചന്ദ്രയ്ക്കും റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനുമെതിരെ നടപടിയെടുക്കണമെന്നും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

എല്‍.പി.ജി. പ്ലാന്റ് വിരുദ്ധ ജനകീയ സമരസമിതി ഹൈക്കോടതിയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. സമരത്തില്‍ നേരത്തെ സിപിഐ കേരള ഘടകവും ഇത്തരത്തില്‍ തന്നെയായിരുന്നു നിലപാട് കൈക്കൊണ്ടിരുന്നത്. എന്നാല്‍ അന്നത്തെ ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ പക്ഷേ പോലീസ് അനുകൂല നിലപാടായിരുന്നു കൈക്കൊണ്ടത്.

പ്രതിഷേധ സംഗമത്തില്‍ എം.എല്‍.എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍, ആര്‍.എം.പി. നേതാവ് കെ.കെ. രമ, ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു തുടങ്ങിയവര്‍ പങ്കെടുത്തു.