പള്‍സര്‍ സുനി നാദിര്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് ; മൂന്ന് കോളുകളില്‍ ഒന്നിന്റെ ദൈര്‍ഘ്യം എട്ട് മിനിറ്റ്
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ്. കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന സുനില്‍കുമാര്‍ മൂന്ന് തവണ നാദിര്‍ഷയെ ബന്ധപ്പെട്ടതിന്റെ രേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മൂന്ന് കോളുകളില്‍ ഒന്നിന്റെ ദൈര്‍ഘ്യം എട്ട് മിനിറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി വിഷ്ണു എന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണം നേരത്തേ ഉന്നയിച്ച നാദിര്‍ഷ സുനിയെ അറിയില്ലെന്നായിരുന്നു ഇതുവരെ പ്രതികരിച്ചത്. ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകള്‍ അടക്കമാണ് ദിലീപ് പോലീസില്‍ പരാതിപ്പെട്ടിരുന്നത്.