സ്വവര്‍ഗ വിവാഹത്തിന്റെ തേരിലേറി ജര്‍മ്മനിയും

ബര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം. സഭയിലെ 393 സമാജികര്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 226 പേര്‍ വിവാഹത്തിനെ എതിര്‍ത്തു. ജര്‍മ്മനിയില്‍ 2001 മുതല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം ഉണ്ട്. എന്നാല്‍ രാജ്യത്ത് വിവാഹിതര്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും സ്വവര്‍ഗാനുരാഗികള്‍ക്ക് നല്‍കിയിരുന്നില്ല.

അതേ സമയം, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ സ്വവര്‍ഗ വിവാഹത്തിനെതിരായാണ് വോട്ടു രേഖപ്പെടുത്തിയത്. സ്വവര്‍ഗ വിവാഹത്തിന് താനെതിരാണെങ്കിലും പാര്‍ട്ടിയിലെ മറ്റംഗങ്ങള്‍ക്ക് അവരുടെ മനസാക്ഷിയ്ക്കനുസൃതമായി വിഷയത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള അനുവാദമുണ്ടെന്ന് വോട്ടെടുപ്പിന് മുന്‍പായി ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു.

വിവാഹം നിയമാനുസൃതമാക്കിയതോടു കൂടി ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ലഭിക്കും. ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് കൊളീഷന്‍ സ്വവര്‍ഗ വിവാഹത്തിന് എതിരാണെങ്കിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിഷയത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന ജര്‍മ്മന്‍ ചാന്‍സലറുടെ നിലപാടാണ് വിഷയത്തില്‍ നിര്‍ണായകമായത്.

യൂറോപ്പിലെ അയർലാൻറ്​, ഫ്രാൻസ്​, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ സ്വവർഗ വിവാഹം നേരത്തെ തന്നെ നിയമവിധേയമാണ്​.