അന്തരാഷ്ട്ര യുക്തിവാദ പ്രവര്‍ത്തകന്‍ സനല്‍ ഇടമറുക് തിരുവനന്തപുരത്തുനിന്നുള്ള വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപണം
തിരുവനന്തപുരം: സ്വാമിയും, ധ്യാനഗുരുക്കളും, മുസ്ലിയാരുമൊക്കെ ആത്മീയതയുടെ മറവില്‍ തട്ടിപ്പു നടത്തിയ നിരവധി കഥകള്‍ അനുദിനം കേള്‍ക്കാറുണ്ട്. എന്നാല്‍ ജീവിക്കാന്‍ ജാതിയും മതവും ദൈവങ്ങളും ആവശ്യമില്ല എന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ നടത്തുന്ന കബളിപ്പിക്കല്‍ കഥകള്‍ വിരളമാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത റാഷണലിസ്റ്റ് സനല്‍ ഇടമറുകിനെതിരായി ലക്ഷങ്ങളുടെ തട്ടിപ്പ് ആരോപണമാണ് തിരുവന്തപുരത്തുനിന്നുള്ള ഒരു വീട്ടമ്മ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റുമായ സനല്‍ ഇടമറുക് ഫിന്‍ലന്‍ഡില്‍ ആദ്യം പഠനവിസയില്‍ കൊണ്ടുപോകാമെന്നും, പിന്നീട് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായിട്ടാണ് യുക്തിവാദിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയും കൂടിയായ വീട്ടമ്മയുടെ പരാതി. ഒരു മാസം അഞ്ചു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി ഒരു റഷ്യന്‍ ഏജന്‍സി വഴി നല്‍കാമെന്ന് പറഞ്ഞാണ് തുക കൈക്കലാക്കിയെന്നാണ് ആരോപണം. അതെസമയം റഷ്യന്‍ ഏജന്‍സിയെക്കുറിച്ചു സനല്‍ പറഞ്ഞതല്ലാതെ യാതൊരുവിവരവും വീട്ടമ്മയുടെ കുടുംബത്തിന് നല്‍കിയില്ല.
റഷ്യന്‍ ഏജന്‍സി വിവിധ ഘട്ടങ്ങളിലൂടെയാണ് ജോലി ശരിയാക്കുന്നതെന്നും, ഓരോ ഘട്ടം പിന്നിടുമ്പോഴും പലപ്പോഴായി തുക നല്‍കിയാല്‍ മതിയെന്നുമായിരുന്നു ധാരണ. പണം ഡല്‍ഹിയിലെ സനലിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്തരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയിലും, യാതൊരു സാമ്പത്തിക ക്രമക്കേടും ഇല്ലാത്ത മാന്യനെന്ന നിലയിലും, അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ ഉള്‍പ്പെടുത്തി വിദേശത്ത് ജോലി നല്‍കാമെന്ന രീതിയില്‍ വിശ്വാസം നേടിയതാണ് വീട്ടമ്മയ്ക്കു വിനയായത്. വലിയ ജോലി ലഭിച്ചാല്‍ മക്കളെയും ഭര്‍ത്താവിനെയും വിദേശത്ത് കൊണ്ട് വരാമെന്നും, ബാധ്യതകള്‍ തീര്‍ന്നു നല്ലൊരു ജീവിതം സ്വപ്നം കണ്ട വീട്ടമ്മയ്ക്ക് ഇരട്ടി ബാധ്യത വന്നുചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.
ജോലികാര്യം ഉടനെ ശരിയാകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു മാസങ്ങളായിട്ടും ഫിന്‍ലന്‍ഡിലേയ്ക്ക് പോകാന്‍ കഴിയാതെ വന്നപ്പോള്‍ സംശയം തോന്നിയ വീട്ടമ്മയും ഭര്‍ത്താവും കാര്യങ്ങള്‍ക്കു കൃത്യത ഉറപ്പു വരുത്താന്‍ തുടങ്ങി. അതേസമയം വസ്തുതകള്‍ തിരക്കിയ വീട്ടമ്മയോടും ഭര്‍ത്താവിനോടും സനല്‍ അവ്യക്തമായ മറുപടിയാണ് നല്‍കിയത്. ഒടുവില്‍ ഫിന്‍ലന്‍ഡ് പരിപാടി ഉപേക്ഷിക്കുകയാണെന്നും, അടച്ച തുക തിരിച്ചു തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ അതുവരെ കാണാത്ത മറ്റൊരു മുഖം സനല്‍ പുറത്തെടുത്തതായിട്ടാണ് വീട്ടമ്മ പറയുന്നത്.
സ്വന്തം കൈയിലെ പണം തികയാതെ വന്നപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് കടമെടുത്ത് പോലും അയച്ച തുക തിരികെ നല്‍കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും, പല ഒഴിവുകഴിവുകളും പറഞ്ഞു സനല്‍ തന്ത്രപരമായി ദിവസങ്ങളും മാസങ്ങളും നീട്ടിക്കൊണ്ടുപോയി. മാത്രമല്ല, വീട്ടമ്മയോടും ഭര്‍ത്താവിനോടും വളരെ പരുഷമായും, മാന്യതയുമില്ലാതെ സംസാരിക്കുകയും ചെയ്ത വോയിസ് ക്ലിപ്പുകള്‍ അവര്‍ തന്നെ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചട്ടുമുണ്ട്. നിരവധി തവണ അദ്ദേഹത്തോട് പണം തിരികെചോദിച്ചെങ്കിലും പണം മടക്കി നല്‍കാനുള്ള യാതൊരുവിധ സൂചനയും അദ്ദേഹം നല്‍കിയില്ല. മാത്രമല്ല പണം തിരികെ ചോദിക്കുന്ന സാഹചര്യം തന്ത്രപരമായി ഒഴിവാക്കാനും സനല്‍ ശ്രമിച്ചുകൊണ്ടിരുന്നു.
സംഭവം ഇതിനോടകം തന്നെ ഫിന്‍ന്‍ഡിലെ മലയാളി സംഘടനയില്‍ ഉള്ളവര്‍ക്കും, ഇന്ത്യന്‍ എംബസിയിലും അറിയാം. എന്നാല്‍ പണം തിരികെ നല്‍കുന്നതില്‍ ഇടനില വഹിക്കാനോ സനലുമായി ചര്‍ച്ച ചെയ്യാനോ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഉത്തരവാദപ്പെട്ട സ്ഥാപനം എന്ന നിലയില്‍ ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും സംഭവത്തില്‍ യാതൊരുതരത്തിലുള്ള ഇടപെടലുകളും ഇതുവരെ നടന്നിട്ടില്ല. യുക്തിവാദിയായ ഇപ്പോഴത്തെ അംബാസിഡര്‍ തട്ടിപ്പു വിവരം അറിഞ്ഞെങ്കിലും സംഭവത്തില്‍ ഇടപെട്ടില്ല എന്ന ആക്ഷേപവും രാജ്യത്തെ മലയാളികളുടെ ഇടയില്‍ ഉയരുന്നുണ്ട്. ചിലരൊക്കെ വിവരം സനലുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ലഭിച്ചിട്ടില്ല. വീട്ടമ്മ ഇതിനോടകം തിരുവനന്തപുരത്ത് സനലിനെതിരായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ നീക്കാനും വീട്ടമ്മയുടെ കുടുംബം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഏതാനും വര്‍ഷങ്ങളായി മതനിന്ദ കുറ്റം ആരോപിക്കപ്പെട്ടതുമുതല്‍ സനല്‍ വിദേശത്താണ്. ഇപ്പോള്‍ ഫിന്‍ലന്‍ഡില്‍ യുക്തിവാദ പ്രവര്‍ത്തനം നടത്തുന്ന അദ്ദേഹം 2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നു ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തി ക്രിസ്തുവിന്റെ കാലില്‍ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനല്‍ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം ബോധ്യപ്പെടുത്തി.
പ്രതിമ നില്‍ക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നില്‍ക്കുന്ന ചെറിയ കനാലും സമീപത്ത് മുകളില്‍ തന്നെയായി ഒരു വാട്ടര്‍ടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്റെ അഥവാ കേശികത്വം എന്ന മര്‍ദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികില്‍ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്ന് അദേഹം വിശദീകരിച്ചുവെങ്കിലും ക്രിസ്ത്യന്‍ മതമേലധികാരികള്‍ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നല്‍കുകയും മുംബൈ പോലീസ് കേസെടുക്കുകയുമാണുണ്ടായത്. മതവികാരം വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പുപറയണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടു. ഇത് അദ്ദേഹം നിരസിച്ചതോടെ അവര്‍ കേസുമായി മുന്നോട്ടുപോയി. ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍: 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂഹു സ്റ്റേഷനില്‍ (കേസ് നമ്പര്‍: സി.ആര്‍. 61/2012) മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെര്‍ണാണ്ടസ് ആണ് പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് അദേഹം ഫിന്‍ലാന്‍ഡിലേക്ക് പോയി. ഇപ്പോള്‍ മതനിന്ദാ നിയമങ്ങള്‍ക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനായുള്ള യൂറോപ്യന്‍ പര്യടനത്തിലാണ് (വിവരങ്ങള്‍ക്ക് കടപ്പാട്: wikipedia.org).
അതേസമയം മതനിന്ദ ആരോപിച്ചു കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ഫാറൂഖിന്റെ പേരില്‍ ഫണ്ട് പിരിക്കാന്‍ സനല്‍ പദ്ധതിയിട്ടതായും, വിദേശത്ത് നിന്നും സ്വദേശത്തുനിന്നും പലരില്‍ നിന്നായി പണം പല രീതിയില്‍ വാങ്ങിയതായിട്ടും മലയാളി വിഷന് വിവരം ലഭിച്ചട്ടുണ്ട്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.