ജി എസ് ടിയുടെ പേരില്‍ അധികകാശ് വാങ്ങുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി : ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : ജി എസ് ടി നിലവില്‍ വന്നതിനുശേഷം വ്യാപകമായി ഉയര്‍ന്നുവന്ന ഒരു പരാതിയാണ് ഹോട്ടലുകളില്‍ നിലവിലുളള വിലയുടെ കൂടെ ജി എസ് ടിയുടെ പേരില്‍ ഹോട്ടല്‍ ഉടമകള്‍ ഒരു സ്‌പെഷ്യല്‍ നികുതി ചുമത്തിയത്. എന്നാല്‍ നിലവിലുളള വിലയുടെ കൂടെ നികുതി ചേര്‍ക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നു. നിലവില്‍ ഉള്ള വിലയിലല്ല ഇനി വരാന്‍പോകുന്ന പോകുന്ന പുതുക്കിയ വിലയിലാണ് ഹോട്ടലുകാര്‍ നികുതി ഈടാക്കേണ്ടത് എന്നും. ജി എസ് ടി വന്നതോടെ അരി, കോഴിയിറച്ചി, എ സി ചാര്‍ജുകള്‍ എല്ലാത്തിലും ഇളവുകള്‍ വന്നു കഴിഞ്ഞു.എന്നാല്‍ ഹോട്ടലുകാര്‍ ഇവ കുറയ്ക്കാതെ നിലവിലുള്ള വിലയുടെ കൂടെ കൊള്ളലാഭം നേടാന്‍ ഉപഫോക്താക്കളെ പറ്റിക്കുന്ന സ്ഥിതിവിശേഷണമാണ് കണ്ടുവരുന്നത്. ഇത്തരത്തില്‍ ജി എസ് ടിയുടെ പേരില്‍ അധികകാശ് വാങ്ങുന്ന ഹോട്ടലുകള്‍ക്ക് എതിരെ പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് അദ്ധേഹം വ്യക്തമാക്കി.

മിക്ക ആഡംബര ഹോട്ടലുകളിലും ഭക്ഷണത്തിന്റെ വിലയ്ക്കൊപ്പം പുതുക്കിയ നികുതി ഘടന അനുസരിച്ച് 12 മുതല്‍ 18 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. നോണ്‍ എസിക്ക് 12 ശതമാനവും എസിയ്ക്ക് 18 ശതമാനവുമാണ് പുതുക്കിയ നികുതി.സാധാരണ നിലയില്‍ അരശതമാനം നികുതി ഈടാക്കിയിരുന്നിടത്താണ് ജിഎസ്ടി വന്നതോടെ 12 ശതമാനം ആക്കിയത്. ജിഎസ്ടി വന്നതിനുശേഷം ഹോട്ടലുകളില്‍ നിരക്ക് ഉയര്‍ന്നതായി പരാതികളുണ്ടായിരുന്നു. 50 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് 12 ശതമാനം നികുതിയാണ് ഈടാക്കുക. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് അഞ്ചു ശതമാനം നികുതിയും ഈടാക്കും. ജിഎസ്ടി വരുന്നതോടെ സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്നും ജിഎസ്ടി സംബന്ധിച്ച് മൊത്തത്തില്‍ ആശയക്കുഴമാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളുടെ സന്ദേശമെന്നും ജിഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്ന തരത്തില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും തോമസ് ഐസക് പറയുന്നു.

ഇതുവരെ വ്യാപാരം നടത്തിയത് പോലെ തന്നെ ഇനിയും നടത്തിയാല്‍ മതിയെന്ന് ഐസക് പറയുന്നു. ബില്ല് എഴുതുമ്പോള്‍ വാറ്റ് നികുതിക്കു പകരം ജിഎസ്ടി നികുതി എഴുതണമെന്നു മാത്രമാണെന്നും അദ്ദേഹം. കമ്പ്യൂട്ടറൈസ്ഡ് ബില്ലില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബില്ല് പ്രിന്റ് ചെയ്ത ശേഷം കൈകൊണ്ട് എഴുതിയാലും മതിയെന്നും ഐസക് വ്യക്തമാക്കി.