സുനിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി; കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക് പോര്, ആളൂരിന് കോടതിയുടെ താക്കീത്

റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അതേ സമയം അങ്കമാലി കോടതിയില്‍ സുനിയുടെ അഭിഭാഷകര്‍ തമ്മില്‍ വാക്‌പോര് നടന്നു. വക്കാലത്ത് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സുനിയുടെ മുന്‍ അഭിഭാഷകന്‍ ടെനിയും, അഡ്വക്കറ്റ് ബി.എ. ആളൂരും തമ്മില്‍ തര്‍ക്കമുണ്ടായത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.

അഡ്വക്കറ്റ് ടെനിയെ മാറ്റി ആളൂരിനെ വക്കീലായി വേണമെന്ന് സുനി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആളൂര്‍ എങ്ങനെ വക്കാലത്ത് ഒപ്പിട്ട് വാങ്ങിയെന്ന് ടെനി ചോദിച്ചു. കക്ഷികളെ തേടി വക്കീല്‍ ജയില്‍ പോകാറില്ലെന്നും ടെനി പറഞ്ഞു. ടെനിയുമായി രൂക്ഷമായ സംഭാഷണം തുടര്‍ന്ന ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യമായ കാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് കോടതി ആളൂരിനോട് പറഞ്ഞു. സുനിക്കായി ഇനി അഡ്വക്കറ്റ് ബി.എ. ആളൂരാണ് കോടതിയില്‍ ഹാജരാകുക.

തനിക്ക് സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആളൂര്‍ രാവിലെ കോടതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആളൂര്‍ നേരത്തെ സുനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.