ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ 13 യുദ്ധക്കപ്പലുകള്‍ ; 1962 മുന്നില്‍ കാണേണ്ടതുണ്ടോ ?…

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച നിലനില്‍ക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍. സൈന്യം നടത്തിയ പ്രത്യേക നിരീക്ഷണത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇന്ത്യന്‍ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്7), ദീര്‍ഘദൂര നീരീക്ഷണ വാഹനമായ പൊസീഡന്‍81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പല്‍ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 13 ചൈനീസ് നാവികസേനാ കപ്പലുകള്‍ തമ്പടിച്ചതയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പരോക്ഷമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയിലാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കപ്പലുകളുടെ സാന്നിധ്യം. 1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റിലി അടുത്തിടെ ചൈനയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. 1962 ലെ ചൈനയല്ല ഇന്നത്തെ ചൈനയെന്ന് ചൈന പ്രതികരിച്ചു. അതിര്‍ത്തിയിലെ പരമാധികാരം ഉറപ്പാക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ കയ്യേറ്റം നടത്തുന്നതായി ചൈന ആരോപിച്ചിരുന്നു. ഭൂട്ടാന്റെ പേരുപറഞ്ഞ് ചൈനയുടെ അതിര്‍ത്തി കൈയ്യേറാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നതെന്നും ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡോക്‌ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.