നിരോധിച്ച നോട്ടുകള്‍ മാറ്റാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് സുപ്രീംകോടതി

നിയമപരമായ കാരണങ്ങളാള്‍ നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും കോടതി ഉത്തരവിട്ടു.

നോട്ട് നിരോധനസമയത്ത് ജയിലില്‍ കഴിഞ്ഞ ആളുകളെ കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ മാസം 17ന് അകം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള ആളുകളെ എങ്ങനെ സഹായിക്കാം എന്ന കാര്യത്തിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. ഒരാള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.

ഒരാള്‍ ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ഇല്ലാത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.