കസ്റ്റഡി കാലാവധി അവസാനിച്ചു; സുനിയെ കോടതിയില്‍ ഹാജരാക്കുന്നു, നിയമോപദേശം തേടി ദിലീപും നാദിര്‍ഷയും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ താരങ്ങളായ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി. പ്രമുഖ അഭിഭാഷകരില്‍ നിന്നാണ് ഇരുവരും നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകളും ഇരുവരും ആരാഞ്ഞു ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് കാക്കനാട് ജയിലില്‍ നിന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചിട്ടുണ്ട്.

കനത്ത സുരക്ഷയാണ് കോടതിക്ക് ചുറ്റും പോലീസ് ഒരുക്കിയിരിക്കുന്നത്. മാധ്യമങ്ങളോട് പള്‍സര്‍ സുനി സംസാരിക്കാന്‍ ശ്രമിച്ചാല്‍ അത് തടയാനായിട്ടാണ് പ്രത്യേക ക്രമീകരണങ്ങള്‍. കേസ് അന്വേഷണ ചുമതലയുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നടത്തുന്ന തോട്ടക്കാട്ടുകരയിലെ പോലീസ് ക്ലബ്ബും താരങ്ങളുടെ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നടപടി.