സ്ത്രീപീഡനകേസുകളില്‍ കുറ്റക്കാരായ പ്രമുഖര്‍ രക്ഷപ്പെടുന്ന അവസ്ഥ ഇല്ലാതാകേണ്ടത് കാലത്തിന്റെ ആവശ്യം: നവയുഗം

അല്‍ കോബാര്‍: സിനിമ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷിയ്ക്കപ്പെടണമെന്നും, കേരളത്തിലെ സ്ത്രീപീഡനകേസുകളില്‍ കുറ്റക്കാരായ പ്രമുഖര്‍ രക്ഷപ്പെടുന്ന അവസ്ഥ ഇല്ലാതാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും നവയുഗം സാംസ്‌കാരികവേദി അല്‍ കോബാര്‍ തുഗ്ബ വനിത യൂണിറ്റ് രൂപീകരണസമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐസ്‌ക്രീം കേസും, സൂര്യനെല്ലി കേസും മുതല്‍ ഇന്ന് വരെ നടന്ന സ്ത്രീപീഡനകേസുകള്‍ പരിശോധിച്ചാല്‍, മനസ്സിലാകുന്ന വസ്തുത, ഇവയിലൊന്നും പ്രമുഖരും രാഷ്ട്രീയ സ്വാധീനമുള്ളവരുമായമായ പ്രതികളില്‍ ഒരാള്‍ പോലും ശിക്ഷിയ്ക്കപ്പെട്ടിട്ടില്ല എന്ന സത്യമാണ്. എത്ര പണവും സ്വാധീനവുമുണ്ടെങ്കിലും നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല എന്ന അവസ്ഥ വന്നാല്‍ മാത്രമേ സ്ത്രീപീഡന കേസുകള്‍ക്ക് അറുതി വരികയുള്ളൂ എന്നതിനാല്‍, നടിയുടെ കേസിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് പ്രമേയം ഓര്‍മ്മിപ്പിച്ചു.

ശ്രീമതി മഞ്ജു അശോകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തുഗ്ബ വനിത യൂണിറ്റ് രൂപീകരണസമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍, കേന്ദ്രകമ്മിറ്റിയംഗം പ്രഭാകരന്‍, കോബാര്‍ മേഖല നേതാക്കളായ അനസ്, ലാലു എന്നിവര്‍ ആശംസപ്രസംഗം നടത്തി. പ്രീത സ്വാഗതവും, സിന്ധു നന്ദിയും പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റായി സിന്ധുവിനെയും, വൈസ് പ്രസിഡന്റായി ആനി തോമസിനെയും, സെക്രട്ടറിയായി മഞ്ജു അശോകിനെയും, ജോയിന്റ് സെക്രട്ടറിയായി ബിന്ദുമോളെയും, ട്രെഷററായി രജിതയെയും സമ്മേളനം തെരെഞ്ഞെടുത്തു. പ്രീത ഉണ്ണികൃഷ്ണന്‍, പ്രമീള പ്രസാദ്, സിനിമോള്‍, നിഷ മുരളീധരന്‍, സുകുമാരി രാധാകൃഷ്ണന്‍, അജിതമോള്‍, പ്രവീണ പ്രസാദ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുത്തു.