സ്ഥലം മാറ്റിയ നടപടി ശരിവെച്ച് റവന്യൂ മന്ത്രി; നടപടി സ്വാഭാവികം മാത്രം

ദേവീകുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് ഡയറക്ടറാക്കി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി സ്വാഭാവികം മാത്രമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവില്‍ നടന്നത് ഭരണപരമായ നടപടി മാത്രമാണ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് മാറ്റമെന്നും ഇ. ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെയും ഒരേ സ്ഥാനത്ത് കാലാകാലങ്ങളായി ഇരുത്താന്‍ സാധിക്കില്ല. അവര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവുമൊക്കെയുണ്ടാകുമെന്നും റവന്യൂ മന്ത്രി അഭിപ്രായപ്പെട്ടു. ശ്രീറാമിന്റെ സ്ഥലം മാറ്റം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ബാധിക്കില്ലെന്നും റവന്യു മന്ത്രി വ്യക്തമാക്കി. നാലു കൊല്ലമായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സ്വാഭാവികമാണെന്ന് തീരുമാനത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി.