ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നു; പ്രതികരണവുമായി ഡബ്ലുസിസി

താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിമാരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുളള ചോദ്യത്തിന് അവര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്ന് ഇന്നസെന്റ് ഇന്ന് രാവിലെ തൃശ്ശൂരില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുത്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമ’ങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് സംഘടന ആവശ്യപ്പെടുന്നു.