വിവാഹം കഴിയ്ക്കാനും ഇനി ആധാര്‍ നിര്‍ബന്ധം

രാജ്യത്ത് ഇനി നിയമ പരമായി വിവാഹിതരാകുവാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചു. ജനന മരണ രജിസ്‌ട്രേഷനൊപ്പം വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനുളള നിയമഭേദഗതിക്ക് പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് 270മത് നിയമഭേഗഗതി നിര്‍ദേശ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചത്.

വിവാഹ തട്ടിപ്പുകള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേഗഗതി വേണ്ടത് എന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ല്‍ വിവാഹ റജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ 2015 ലെ ജനന മരണ റജിസ്‌ട്രേഷന്‍ അമന്റ്‌മെന്റ് പര്യാപ്തമാണോ എന്നാണ് കേന്ദ്രം കമ്മീഷനില്‍ നിന്നും 2017 ഫെബ്രുവരിയില്‍ ആരാഞ്ഞത്. ഇതിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സീമ അശ്വനി കുമാര്‍ എന്നിവര്‍ തമ്മിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. മതാതീതമായി ഇക്കാര്യത്തില്‍ ഒരു നിയമം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് 270 പേജുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു.