മൈക്രോസോഫ്റ്റില്‍ കൂട്ട പിരിച്ചുവിടല്‍ ; തൊഴില്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്ക്

വാഷിങ്ടണ്‍: കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. എ.എഫ്.പി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സോഫ്റ്റ്വെയര്‍ ബിസിനസില്‍ നിന്ന് മാറി ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും, ബിസിനസ് ഓപ്പറേഷനിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ നടപടിയെന്നാണ് സൂചന. ബിസിനസ് ഓപ്പറേഷന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം മൈക്രോസോഫ്റ്റിന് വര്‍ധിച്ചിട്ടുണ്ട്. ഇതിനൊടൊപ്പം തന്നെ പേഴ്സണല്‍ കമ്പ്യൂട്ടിങ്ങില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിനസില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി ഒരുങ്ങുന്നത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനതാല്ലെ സോഫ്റ്റ്വെയര്‍ ബിസിനസില്‍ നിന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്ക് കമ്പനി ചുവടുമാറ്റുന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയില്‍ നിന്ന് ആളുകളെ പിരിച്ചു വിടുന്ന നടപടി. അതേസമയം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം എന്ന നിലയില്‍ പിരിച്ചുവിടുന്നതില്‍ ഇന്ത്യാക്കാരും ഉള്‍പ്പെടും എന്ന കാര്യം വ്യക്തം.