റിസോര്‍ട്ട് മാഫിയയ്ക്കു വേണ്ടിയാണ് ശ്രീറാമിനെ മാറ്റിയതെന്ന് ചെന്നിത്തല; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യം
ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ മാറ്റിയത് റിസോര്‍ട്ട് മാഫിയക്കും വന്‍കിട കൈയേറ്റക്കാര്‍ക്കും വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റമൊഴിപ്പിക്കലില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് തെളിയിക്കുന്നതാണ് നടപടിയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ആരുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സി.പി.ഐ. നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരോടുള്ള ഇടത് സര്‍ക്കാരിന്റെ സമീപനം ഇതു തന്നെയാണ്. മുഖ്യമന്ത്രി വാനോളം പുകഴ്ത്തിയ ‘തത്ത’ ഇന്ന് എവിടെപ്പോയെന്നും ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒതുക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.