സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല. മാനന്തവാടി സബ്കളക്ടര്‍ക്ക് ദേവികുളത്തിന്റെ ചാര്‍ജ്. നാലുകൊല്ലമായ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയത്.
കഴിഞ്ഞ ദിവസം കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ മുന്നാറിലെ റിസോര്‍ട്ട് ഭൂമി, സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശ്രീറാമിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു കോടതി ഉത്തരവ്. റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ലൗ ഡെയ്ല്‍സ് റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി കോടതി തടയുകയും ചെയ്തിരുന്നു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ വാര്‍ത്തകളില്‍ നിറയുന്നത്.
നേരത്തെ മൂന്നാര്‍ വിഷയത്തില്‍ വെങ്കിട്ടരാമനെതിരേ പരാതിപ്പെട്ട് മന്ത്രി എം.എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ നേതാവ് സി.എ കുര്യന്‍, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു.