വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വന്നതാണ്; കേസുമായി ബന്ധമൊന്നുമില്ല: കെ.എസ് പ്രസാദ്
ആലുവ: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ചാനലുകളിലടക്കം അത്തരത്തില്‍ വാര്‍ത്ത പോയെന്നറിഞ്ഞതില്‍ ചിരിയാണ് വന്നതെന്നും മിമിക്രി കലാകാരന്‍ കൊച്ചിന്‍ കലാഭവന്‍ കെ.എസ് പ്രസാദ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യല്‍ അരങ്ങേറുന്ന ആലുവ പൊലീസ് ക്ലബ്ബില്‍ അദ്ദേഹം അകത്തേക്ക് പോയതിന് പിന്നാലെയായിരുന്നു പ്രസാദിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു എന്ന തരത്തിലുളള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്.
കേസുമായി തനിക്കൊരു ബന്ധവും ഇല്ലാ. വ്യക്തിപരമായ കാര്യത്തിന് വന്നതാണ്. ഇതിനകത്ത് കയറുന്നവരെ മുഴുവന്‍ കേസിലെ പ്രതികളാക്കുന്നത് കണ്ടു. ഒരു സുഹൃത്തിനെ കാണാന്‍ വന്നതാണ്. പൊലീസ് ഉദ്യോഗസ്ഥനാണോ എന്നുളള ചോദ്യത്തിന് പേഴ്‌സണല്‍ ഫ്രണ്ടിനെ കാണാന്‍ വന്നതാണെന്ന് എന്നുമാത്രമായിരുന്നു പ്രസാദിന്റെ മറുപടി. നടന്‍ ധര്‍മ്മജനെയടക്കം ചോദ്യം ചെയ്തല്ലോ എന്നുളള ചോദ്യത്തിന് എല്ലാവരെയും വിളിച്ച് ചോദിക്കും, അത്രയെ ഉളളു. സിനിമയുമായി ബന്ധമില്ലാത്ത ഒരാളല്ലേ താനെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മുറയല്ലേ അവരുടെ ജോലിയല്ലേ എല്ലാവരെയും വിളിച്ച് ചോദിക്കും. മനസിലാക്കും, സുഹൃത്തിനോട് വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാനാണ് താന്‍ ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്മാരെയും ദിലീപിന്റെ സഹോദരനെയും പൊലീസ് ചോദ്യം ചെയ്തത്. ആരെയും അറസ്റ്റ് ചെയ്യാനുളള സമയമായിട്ടില്ലെന്നും അതിനുളള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും. ഇതിനായി നൂറിലേറെ പേജ് വരുന്ന പുതിയ ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഫോണ്‍കോളുകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.