ഇറച്ചിക്കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കിയാല്‍ നടപടി എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്

തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് കോഴി വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. അയല്‍ സംസ്ഥാനത്ത് നിന്ന് വരുന്ന കോഴിക്ക് വില കൂടിയെന്നാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. തുടര്‍ന്നാണ് വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. കോഴിക്കച്ചവടക്കാരുടെ വെല്ലുവിളി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജി.എസ്.ടിയില്‍ ഇറച്ചിക്കോഴിയ്ക്ക് നികുതി ഇല്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാടെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിവില 250 ന് മുകളില്‍ എത്തിയിരുന്നു. അനധികൃതമായി കോഴിക്കച്ചവടക്കാര്‍ വിലകൂട്ടുന്നു എന്ന പരാതിയും ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.