പിതാവിൽ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റിൽ ചാടിയ പെൺകുട്ടി മരിച്ചു

കുണ്ടംകുഴി : മദ്യപിച്ചെത്തി ശല്യം ചെയ്യാന്‍ ശ്രമിച്ച പിതാവിൽ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റിൽ ചാടിയ പെൺകുട്ടി മരിച്ചു. കാസർകോട് കൊളത്തൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ഹരിതയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യപിച്ചെത്തിയുള്ള പിതാവിന്റെ ശല്യം കാരണം പഠിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് പെൺകുട്ടിയെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. ഭയന്നു പോയ പെൺകുട്ടി പ്രാണരക്ഷാർഥം വീട്ടിൽ നിന്ന് ഇറങ്ങി ഓടി. എന്നാല്‍ പെണ്‍കുട്ടിയുടെ പിറകെ ഇയാള്‍ കത്തിയുമായി ഓടുകയും ഇത് കണ്ട പെൺകുട്ടി വീടിനു മുറ്റത്തെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു.

അമ്പതടി താഴ്ചയുള്ള കിണറ്റിലേക്കാണ് പെൺകുട്ടി ചാടിയത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും താഴ്ച ഏറെയുളളതിനാൽ ഒന്നും ചെയ്യാനായില്ല. ഒമ്പതരയോടെ കുറ്റിക്കോലിൽ നിന്ന് അഗ്നിശമന സേന പ്രവർത്തകർ എത്തിയാണ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ 30 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. സംംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ബേഡകം പോലീസ് അറിയിച്ചു.ഒരുമാസം മുമ്പാണ് സഹോദരിയുടെ വിവാഹം കഴിഞ്ഞത്. ഇതിനു ശേഷമാണ് പിതാവിന്റെ ശല്യം രൂക്ഷമായത്.