ദേശാടനക്കിളി പൊതുവേ കരയാറില്ല, പക്ഷേ ഹൈഫയില്‍ എത്തിയപ്പോ പാവം കരഞ്ഞൂപോയി; കരയും ഏത് ഇരട്ടചങ്കനും ന്യൂനപക്ഷത്തെക്കണ്ടാല്‍…

അനിഷ് ജോയ് പൊരുന്നോലില്‍

ദില്ലിയിലെ ‘തീന്‍ മൂര്‍ത്തി’ (മൂന്നു പ്രതിമകള്‍) 1914-1919 കാലഘട്ടത്തില്‍ ഹൈഫയിലും ചുറ്റിലും ഓട്ടൊമന്‍ തുര്‍ക്കികള്‍ക്കെതിരെ വിജയകരമായി യുദ്ധം ചെയ്ത ഇന്ത്യന്‍ പട്ടാളക്കാരുടെ യുദ്ധ സ്മാരകമാണ്. സ്മാരകം ഉള്‍പ്പെട്ട തീന്‍ മൂര്‍ത്തി റോഡിന്റെ പേര് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ഏതാനും മാസങ്ങള്‍ മുന്‍പുതന്നേ ഇസ്രായേല്‍ നഗരമായ ഹൈഫയോടുചേര്‍ത്തു ‘തീന്‍ മൂര്‍ത്തി ഹൈഫ റോഡ് ‘ എന്നാക്കി പുനര്‍നാമകരണം ചെയ്യുകയും അതിനുശേഷം നേരിട്ട് ഇസ്രായേലില്‍ എത്തിയപ്പോള്‍ ‘ഹൈഫയുടെ വിമോചനത്തിനായി തങ്ങളുടെ ജീവന്‍ ബാലികഴിച്ച ഇന്ത്യന്‍ പട്ടാളക്കാരെ അനുസ്മരിച്ചു വിതുമ്പാനും മോഡിക്ക് ചെറിയ തിരക്കഥയൊന്നും മതിയായിട്ടുണ്ടാകില്ല…

തൊട്ടു പുറകേ തന്നേ ഇരട്ടചങ്കന്‍ പിണു സഖാവും കരഞ്ഞൂ- പലസ്തീന്‍ വിഷയത്തില്‍ ഫേസ്ബുക്കിലൂടെ (കരഞ്ഞത് ഇരട്ടചങ്കനോ കൂലിക്കെഴുതുന്ന പിഎം മനോജോ എന്നറിയില്ല ) മുന്‍പ് മൂന്നാം ലോക രാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റു നോക്കിയിരുന്നു. ഇന്ന് ഇന്ത്യക്ക് കൂട്ടു കൂടാന്‍ ഇസ്രായേല്‍ മത്രമേയുള്ളു എന്നത്, ദുഖകരമായ ഒരു യാഥാര്‍ഥ്യമാണ് ഇത്രയും കാലം ന്യൂനപക്ഷ വോട്ട് ബാങ്കിനെ ഭയന്നാണ് ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി യും ഇസ്രായേല്‍ സന്ദര്‍ശിക്കാഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്യം!

നെതന്യാഹു പറഞ്ഞപോലെ, ‘I don’t know , why it took so much time to blossom’ … ‘ ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും, ഫ്രാന്‍സ് ഫ്രഞ്ചുകാരുടെയും എന്നതുപോലെ പലസ്തീന്‍ അറബികളുടേതുമാണ്’ എന്ന ഗാന്ധിജിയുടെ ഒരു ക്വോട്ടാണ് പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോസ്റ്റുകളിലെ ആവര്‍ത്തിക്കപ്പെടുന്ന ഒരു കമന്റ്.

ഒന്നു കൂടൊന്നു വായിച്ചു നോക്കൂ.
ഇംഗ്ലണ്ട് -ഇംഗ്ലീഷുകാര്‍
ഫ്രാന്‍സ് – ഫ്രഞ്ചുകാര്‍ എന്നൊക്കെ നല്ല താളത്തില്‍ വായിച്ചു വന്നിട്ട് പലസ്തീന്‍- അറബികള്‍ എന്നു പറയുന്നിടത്ത് പ്രാസം നഷ്ടപ്പെടുപോകുന്നത് ശ്രദ്ധിച്ചോ. ദോ ദത് തന്നെയാണ് പ്രശ്‌നം.

പലസ്തീനിലെ മാത്രമല്ല ആഫ്രിക്കന്‍ രാജ്യങ്ങളായ ഈജിപ്തിലെയും മൊറോക്കോയിലേയും ടുണീഷ്യയിലെയുമൊക്കെ ജനങ്ങള്‍പോലും, അറബികള്‍ എന്ന, മധ്യേഷ്യയിലെ ഒരു ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് വെറുതെയൊന്നുമല്ല. എല്ലായിടത്തു നിന്നും വംശഹത്യ ചെയ്യപ്പെട്ടപ്പോള്‍, ആട്ടിയോടിയ്ക്കപ്പെട്ടപ്പോള്‍ ബാക്കി വന്ന ജൂതന്‍മാര്‍ കടലില്‍ ചാടണമായിരുന്നെന്നാണോ ഇസ്രയേല്‍ വിരുദ്ധര്‍ കരുതുന്നത്. എവിടെയെങ്കിലുമൊക്കെ അവര്‍ക്കും ജീവിക്കണ്ടേ?

യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോര്‍ദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയില്‍ നിന്ന് AD 72ഓടെ തദ്ദേശീയരായ ജൂതന്മാരില്‍ ഭൂരിപക്ഷവും പേര്‍ക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാര്‍ മാത്രം സ്വന്തം ദേശമായ പാലസ്തീനയില്‍ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു.

എന്നെങ്കിലും ഒരിക്കല്‍ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയില്‍ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. വൈകാതെ റോമാ സാമ്രാജ്യം തകര്‍ന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതില്‍ ജൂതന്മാര്‍ അപ്പോഴും പലസ്തീനയില്‍ കഴിഞ്ഞിരുന്നു.

ഹിറ്റ്‌ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളില്‍ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങള്‍ക്കു തങ്ങളുടെ പൂര്‍വ്വിക ഭൂമിയായ പലസ്തീനില്‍ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ഉദയത്തില്‍ കലാശിച്ചു. ജൂതന്മാരുടെ പഴയ പാലസ്തീന ആയിരുന്നില്ല 1948ലെ പാലസ്തീന. പാലസ്തീന ഏതാണ്ട് പൂര്‍ണ്ണമായും അറബികളുടെ കൈവശമായിരുന്നു. പലായനം ചെയ്യാതെ അവശേഷിച്ചിരുന്ന ജൂതന്മാരുടെ തലമുറകള്‍ മാത്രമായിരുന്നു പലസ്തീനയില് ബാക്കി ഉണ്ടായിരുന്നത്.

ജൂതന്മാരുടെ സ്വന്തമായി ഒരു രാജ്യം എന്ന ആവശ്യത്തിന് മുമ്പില്‍ ബ്രിട്ടന്‍ മറ്റ് ഏതാനും രാജ്യങ്ങളുടെ പിന്തുണയോടെ . UN-ല്‍ ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി. അന്നത്തെ അറബ് ഭൂരിപക്ഷ പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കാന്‍ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തിനു മുമ്പ് തന്നെ ജൂതന്മാര്‍ പലസ്തീനിലേക്കു തിരികെ പോകാന്‍ തുടങ്ങിയിരുന്നു. ജൂതന്മാരും അറബികളും ഒന്നിച്ചു പലസ്തീനെ എന്ന രാജ്യത്തില്‍ കഴിയട്ടെ എന്ന വാദം ഉയര്‍ന്നുവന്നെങ്കിലും അതിനെ അംഗീകരിക്കാന്‍ ജൂതരും അറബികളും തയ്യാറായില്ല. പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മിക്കുന്നതിനെ അറബ് രാഷ്ട്രങ്ങളെല്ലാം ഒറ്റകെട്ടായി എതിര്‍ത്തു.

1948ല്‍ ഇസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ദിവസഗള്‍ക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോര്‍ദാന്റെയും ഇറാഖിന്റെയും ലെബാനോന്റെയും സംയുക്ത ആക്രമണം ഇസ്രായേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങള്‍ക്ക്.. പിറന്നു വീണു ദിവസങ്ങള്‍ക്കകം പല രാജ്യങ്ങള്‍ ചേര്‍ന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പില്‍ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങള്‍ക്കു ശേഷം സര്‍വ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ചേക്കേറിയ ജൂതന്മാര്‍ക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു.

രണ്ടും കല്പ്പിച്ചു ജൂതന്മാര്‍ പൊരുതിയപ്പോള്‍ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രായേല്‍ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1956ല്‍ വീണ്ടും ഇസ്രായേല്‍ – അറബ് സഖ്യസേന യുദ്ധം ഉണ്ടായി. ഫലം ഒന്ന് തന്നെ. പക്ഷെ ഇത്തവണ ഈജിപ്തില്‍ നിന്ന് സീനായി മല നിരകളും, സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകളും പിടിച്ചെടുത്തു. പക്ഷെ യുദ്ധാനന്തരം പിടിച്ചെടുത്ത ഭൂപ്രദേശങ്ങളൊക്കെ ഇസ്രായേല്‍ തിരിച്ചുനല്കി.

1967ല്‍ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതുവരെ അനങ്ങാതിരുന്ന ഇസ്രായേല്‍ തങ്ങള്‍ക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോള്‍ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് അറബ് സഖ്യ സൈന്യത്തെ ഇസ്രായേല്‍ ചുരുട്ടി കെട്ടി.

ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം. ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും 6 ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാന്‍ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, പലസ്തീന്റെയും, ജോര്‍ദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു. യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രായേല്‍ നിറുത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങള്‍ക്കുള്ള മുന്നറിയിപ്പും തിരിച്ചടിയുമായിരുന്നു അത്.

അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973ല്‍ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു. അന്നത്തെ ഇസ്രെയേലിന്റെ തിരിച്ചടിയില്‍ നിന്ന് കര കയറാന്‍ ആ രാജ്യങ്ങള്‍ക്കു ഇന്നും ആയിട്ടില്ല. അമ്മാതിരി അടിയാണ് കൊടുത്തത്. ചുരുക്കം പറഞ്ഞാല്‍ 1948ല്‍ പലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രായേല്‍ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ പലസ്തീന്റെ മുഴുവന്‍ ഭാഗവും ഈജിപ്തിന്റെയും ജോര്‍ദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി.

ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തില്‍ തോല്‍പിക്കാനാകില്ല എന്ന തിരിച്ചറിവില്‍ എത്തി അറബ് രാഷ്ട്രങ്ങള്‍. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പിട്ടു. ജോര്‍ദാന്‍ രാജാവ് ഇസ്രായേല്‍ സന്ദര്‍ശിച്ചു. 1948ല്‍ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീന്‍ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഒതുങ്ങി.

1992ല്‍ ഇസ്രായേല്‍ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചര്‍ച്ചകളെയും തകിടം മറിച്ചു. ഇപ്പോഴത്തെ ഇസ്രേയേല്‍ പലസ്തീന്‍ തര്‍ക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലമെല്‍ ജൂത പള്ളി നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്രായേല്‍ എന്ന രാഷ്ട്രം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിലവില്‍ വരൂ എന്ന് ജൂതന്മാര്‍ കരുതുന്നു.

ജൂതന്മാര്‍ക്ക് ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകല്‍ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തകര്‍ത്ത ആ പള്ളി പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം. ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീന്‍ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തര്‍ക്ക വിഷയം.

ബൈബിളില്‍ ഇസ്രയേലിനെ (കാനാന്‍ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാര്‍ത്ഥത്തില്‍ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭുഭൂമിയില്‍ നിന്നാണ് ഇസ്രായേല്‍ വളര്‍ന്നത്. ലോകത്തെ ഏറ്റവും മികച്ച കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങല്‍ ഇസ്രയേലിന്റേതാണ്. മരുഭൂമിയില്‍ കൃഷി ചെയ്തു വിജയിക്കാന്‍ വേണ്ട വൈദഗ്ധ്യം ഇസ്രായേലിനു മാത്രമാണ് ഉള്ളത്.

ഇന്ത്യ- ഇസ്രായേല്‍ ബന്ധം
ക്രിസ്തുവര്‍ഷത്തിനു മുമ്പ് തന്നെ ജൂതന്മാരുമായി ഇന്ത്യക്കു ബന്ധം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. AD 72ല്‍ തങ്ങളുടെ ദേശത്തു നിന്ന് ജൂതന്മാര്‍ പീഡനങ്ങള്‍ നേരിട്ടപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കവര്‍ ചേക്കേറി. നമ്മുടെ സ്വന്തം കൊച്ചിയിലേക്കും അവരില്‍ ചിലര്‍ എത്തി. കാലക്രമേണ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവര്‍ പല കാലഘട്ടങ്ങളില്‍ വന്നു ചേര്‍ന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ചേക്കേറിയ ജൂതന്മാര്‍ക്ക് എല്ലായിടത്തുനിന്നും പീഡനങ്ങള്‍ ഏല്‌ക്കേണ്ടിവന്നു, ഇന്ത്യയില്‍ നിന്നൊഴികെ. ഇന്ത്യയിലെ ഭരണാധികാരികള്‍ ജൂതന്മാരെ സംരക്ഷിച്ചു. അതിന്റെ കടപ്പാടും നന്ദിയും ഇസ്രായേലിനു ഇന്ത്യ എന്ന രാജ്യത്തോട് എന്നുമുണ്ട്.

പാലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിന് ഇന്ത്യ എതിര്‍ത്തിരുന്നെങ്കിലും ഇസ്രായേല്‍ നിലവില്‍ വന്നു വൈകാതെ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു. 1953ല്‍ മുംബയില്‍ ഇസ്രയേലിന്റ ഈയൊരു കോണ്‌സുലേറ്റ് തുറക്കാനും അനുമതി നല്കി. പക്ഷെ 1992ല്‍ മാത്രമാണ് ഇന്ത്യയും ഇസ്രയേലുമായുള്ള പൂര്‍ണ്ണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

എന്തായിരിക്കാം ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന് തടസ്സമായി നിന്നത്? ഇന്ത്യ പരമ്പരാഗതമായി പലസ്തീനെ പിന്തുണച്ചുപോന്നതിനു കാരണം എന്തായിരുന്നിരിക്കാം? അറബ് രാഷ്ട്രങ്ങളെ വെറുപ്പിച്ചു ഇസ്രായേലിനു പിന്തുണ കൊടുത്താല്‍ എണ്ണ കിട്ടില്ല എന്ന തിരിച്ചറിവാണ് പ്രധാനമായും ഇന്ത്യ ഇസ്രായേല്‍ ബന്ധത്തിന് തടസ്സമായി നിന്നത്.

ഇസ്രയേലിന്റെ അമേരിക്കന്‍ ചായ്വും, ഇന്ത്യയുടെ മിത്രമായിരുന്ന ഈജിപ്തുമായുള്ള ഇസ്രയേലിന്റെ ശത്രുതയുമെല്ലാം കാരണമായിട്ടുണ്ട്. പക്ഷെ രഹസ്യമായി ഇന്ത്യയും ഇസ്രേയലുമായുള്ള സഹകരണം ഉണ്ടായിരുന്നു. 1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യ ഇസ്രയേലിനോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. മൊസാദും ഇന്ത്യന്‍ ചാര സംഘടനയായ റോയും പരസ്പ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു.

പാകിസ്താന്റെ ആണവപരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മൊസാദും റോയും പദ്ധതി തയ്യാറാക്കിയിരുന്നു എന്നും അവസാന നിമിഷം മൊറാര്‍ജി ദേശായി ആണ് ആ പദ്ധതി വേണ്ടെന്നു വച്ചതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ പദ്ധതി നടപ്പായിരുന്നെങ്കില്‍ ഇന്നും പാകിസ്ഥാന്‍ ഒരു ആണവ രാജ്യമാകുമായിരുന്നില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് അമേരിക്ക ഇന്ത്യക്കു സഹായം നിഷേധിച്ചപ്പോള്‍ നാവിഗേഷന്‍ ഉള്‍പ്പെടെ ഇന്ത്യക്ക് ആയുധങ്ങള്‍ നല്കിയത് ഇസ്രായേല് ആണ്.

ഇന്ത്യയുടെ സൈനിക പരീക്ഷങ്ങളില്‍ ഇസ്രായേല്‍ സ്ഥിരം പങ്കാളികളാണ്. എന്തിനു IPS ട്രെയിനികള്‍ക്ക് വരെ ഇസ്രായേലില്‍ പരിശീലനം നല്കുന്നു. കൃഷിയിലും ജലസേചനത്തിലും വന്‍കുതിച്ചു ചാട്ടം നടത്തിയ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കാന്‍ പോകുന്നു. ഇസ്രായേലുമായുള്ള ഇന്ത്യയുടെ അതിശക്തമായ ബന്ധം പാകിസ്ഥാനും ചൈനക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്. ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് എന്ന് തത്വത്തില്‍ പറയാമെങ്കിലും ഇന്ത്യയും ഇസ്രേയലും തമ്മിലുള്ള ബന്ധം പണ്ടുമുതലേ ശക്തമാണ്.

ഇന്ത്യ ഇസ്രയേലുമായി സഹകരിക്കുന്നതിനെ എതിരിക്കുന്നവര്‍ ചൈന ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നു എന്ന കാര്യം മറക്കരുത്. ഇന്ത്യക്ക് ഇസ്രെയേലില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്. രണ്ടു രാജ്യങ്ങളും ശത്രുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ഇന്ത്യ പക്ഷെ ശത്രുക്കളുടെ പല തരത്തിലുള്ള അക്രമങ്ങളെയും കണ്ടില്ല എന്ന് നടിച്ചു ക്ഷമിക്കുന്നു. ഇസ്രെയേലിന്റെ രണ്ടു സൈനികരെ പലസ്തീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിച്ചപ്പോള്‍ ഇസ്രായേല്‍ അതിനു പ്രതികാരം ചെയ്തത് ലോകം കണ്ടതാണ്.

ഒരിക്കല്‍ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോള്‍ മാത്രമാണ് ഇസ്രായേല്‍ തിരിച്ചടിച്ചിട്ടുള്ളത്. ഇന്ത്യയും അങ്ങനെ തന്നെ. പക്ഷെ ഇസ്രായേല്‍ അവര്‍ പിടിച്ചെടുത്ത ശത്രുക്കളുടെ ഭൂമി തിരിച്ചു നല്കിയില്ല. ഇന്ത്യക്കു 1971ലെ യുദ്ധത്തിന് ശേഷം പാകിസ്താന്റെ അധീനതയിലുള്ള കാശ്മീര്‍ മൊത്തത്തില്‍ തിരിച്ചുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതാണ് ഇപ്പോഴും നമ്മള് അനുഭവിക്കുന്നത്.

മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂര്‍ണ്ണമാകില്ല. 2005ല്‍ ഓസ്‌ക്കാറുകള്‍ വാരിക്കൂട്ടിയ സ്പില്‍ബര്‍ഗിന്റെ ക്‌ളാസിക്ക് ചിത്രം ‘മ്യൂണിച്ച്’ കണ്ടവര്‍ ഓര്‍ക്കാതിരിക്കില്ല. 1972 സെപ്റ്റംബര്‍ 5ന് മ്യൂണിച്ചിലെ ഒളിമ്പിക്ക്‌സ് വില്ലേജിലേക്ക് ബ്‌ളാക്ക് സെപ്റ്റംബര്‍ എന്ന് പേരുള്ള ഒരു പറ്റം പാലസ്തീന്‍ തീവ്രവാദികള്‍ ഇരച്ചുകയറി പതിനൊന്ന് ഇസ്രായേല്‍ കായികതാരങ്ങളെ വെടിവെച്ചു കൊന്നു.

ലോകം നടുങ്ങി! ഇസ്രേയേല്‍ നിലവിളിച്ചു. ഞെട്ടലില്‍ നിന്ന് മോചനം നേടുന്നതിന് മുന്‍പ് കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അവര്‍ ഭൂമിയുടെ ഏത് കോണില്‍ ഒളിച്ചാലും പിടികൂടി കൊലപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ഗോള്‍ഡാ മേയറിന്റെ നേതൃത്വത്തില്‍ തന്നെ ജൂതരാഷ്ട്രം തയ്യാറാക്കി. ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ് ( Operation wrath of God) എന്ന പേരുള്ള പ്രതികാര പദ്ധതിഅവിടെ തുടങ്ങി. ഇനി ഒരിക്കലും ഇസ്രായേലിനെ ആക്രമിക്കാനുള്ള ധൈര്യവും തന്റേടവും ഒരു ഭീകരനും ഭാവിയില്‍ ഉണ്ടാകരുതെന്നതായിരുന്നു ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡിന്റെ പരമപ്രധാന ലക്ഷ്യം.

കൊലയാളികളുടേയും ആസൂത്രകരുടേയും സമ്പൂര്‍ണ്ണ വിവരം മൊസാദ് ശേഖരിച്ചു. അവരെ വകവരുത്തുന്നതിന് രൂപവത്ക്കരിച്ച പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഇറ്റലിയിലും ഫ്രാന്‍സിലും നോര്‍വേയിലും ഗ്രീസിലും സൈപ്രസിലും ലബനോണിലും താമസിച്ചിരുന്ന ഭീകരവാദികള്‍ വെടിയേറ്റും ബോംബുപൊട്ടിയും കൊല്ലപ്പെട്ടു. കൊലപ്പെടുത്തുന്നതിന് മുന്‍പ് ഓരോ തീവ്രവാദിയുടേയും വീട്ടിലേക്ക് പൂക്കളോടൊത്ത് ഒരു സന്ദേശവുമെത്തി
A reminder, we do not forget we do not forgive…..

ഇസ്രായേലിനെ ആക്രമിക്കുന്ന ഏത് ഭീകരസംഘടനയുടേയും നേതൃത്വത്തെ തന്നെ അവര്‍ വകവരുത്തുമെന്നൊരു മുന്നറിയിപ്പായിരുന്നു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ്. ലിബറല്‍ ജനാധിപത്യത്തിന്റെ മഹത്തായ ആദര്‍ശങ്ങളും സന്ദേശങ്ങളും കയ്യൊഴിയാന്‍ തയ്യാറാകാത്ത ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നു. നിരപരാധികളുടെ ശരീരം ചിന്നിച്ചിതറുന്നു. അടിച്ചാല്‍ അങ്ങേയറ്റത്തെ തിരിച്ചടി കണ്ണില്‍ച്ചോരയില്ലാതെ നല്കുന്ന ഇസ്രായേലികള്‍ സുരക്ഷിതമായി ജീവിക്കുന്നു.

മനുഷ്യവംശത്തെ ഉന്മൂല നാശനം ചെയ്യാനിറങ്ങിയിരിക്കുന്ന കൊടുംഭീകരരെ കൊത്തങ്കല്ലെറിഞ്ഞ് തോല്പിക്കാനാവില്ല. മുബൈ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ നിറച്ച സ്യൂട്ട്‌കെയ്‌സൂമായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോട് നിന്ന നമ്മുടെ രാജ്യത്തിന് ഇസ്രായേല്‍ ഒരു പാഠപ്പുസ്തമാണ്.

ചൈന ആക്രമിച്ച് ഇന്ത്യ കൈപിടിയിലാക്കിയാല്‍ പ്രധാനമന്ത്രി ആകാന്‍ ജുബ്ബയും തയ്യിച്ചു വച്ചിരിക്കുന്ന നമ്മുടെ കുട്ടിസഖാക്കളും യുദ്ധമുണ്ടായാല്‍ ഇറങ്ങാന്‍ പഴയ കാവിനിക്കര്‍ ഒക്കെ സൂക്ഷിച്ച് വെച്ചിട്ടുള്ള പുരുഷുമാരും എന്തൊക്കെ പറഞ്ഞാലും മോദിയുടെ സന്ദര്‍ശനം ഇന്ത്യ ഇസ്രായേല്‍ ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലാണ്!