ജുനൈദിന്റെ കൊലപാതകം ബീഫിന്റെ പേരിലല്ലന്ന് പൊലീസ്
ന്യൂഡല്‍ഹി: ഏറെ വിവാദമായ ജുനൈദ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന പൊലീസ്. ഇതുവരെ കരുതിയിരുന്നതുപോലെ ബീഫിന്റെ പേരിലായിരുന്നില്ല ജുനൈദ് ഖാന്റെ മരണമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിശദീകരണം.
ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും ഫരീദാബാദ് റയില്‍വെ എസ്പി കമല്‍ദീപ് പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രികരുടെ മര്‍ദ്ദനവും കത്തിക്കുത്തുമേറ്റു ജുനൈദ് ഖാന്‍ മരിച്ചതെന്നും ബീഫിന്റെ പേരിലായിരുന്നു മാറണമെന്നുമാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 22നായിരുന്നു മഥുര-ഗാസിയാബാദ് ട്രെയിനില്‍ ജുനൈദും സഹോദരന്മാരും അതിക്രമത്തിനിരയായത്.
കേസിലെ പ്രധാനപ്രതി നരേഷ് നാഥിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊലീസ് സൂപ്രണ്ട് പുറത്തുവിട്ടത്. ജുനൈദിനെ കുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. എന്നാല്‍, കുത്തേറ്റ് കിടന്ന പതിനേഴുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്നു രക്തംവാര്‍ന്നാണു മരണം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണു ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീര്‍, മുഹ്സിന്‍ എന്നിവരും ആക്രമണത്തിനിരയായത്. മാട്ടിറച്ചി കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു അക്രമണമെന്നായിരുന്നു റിപ്പോര്‍ട്ട്. ട്രെയിന്‍ ഓഖ്ല സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവര്‍ഷം തുടങ്ങി. ദേശസ്നേഹം ഇല്ലാത്തവര്‍, പാക്കിസ്ഥാനികള്‍, മാട്ടിറച്ചി കഴിക്കുന്നവര്‍ എന്നൊക്കെ വിളിച്ചാണു ചീത്ത പറഞ്ഞതും തല്ലിയതുമെന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നു.
അതേസമയം, പ്രതിയായ നരേഷ് നാഥിന് വധശിക്ഷ നല്‍കണമെന്നു ജുനൈദിന്റെ പിതാവ് ജലാലുദീന്‍ ആവശ്യപ്പെട്ടു.