ആറു മാസമായി ശമ്പളമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞ മലയാളി വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി
ദമ്മാം: ആറു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
കോഴിക്കോട് അടിവാരം സ്വദേശിനിയായ ജയന്തിയാണ് ദുരിതമായ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. ഏഴു മാസങ്ങള്‍ക്കു മുന്‍പാണ് ജയന്തി, നാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി സൗദി അറേബ്യയിലെ ദമ്മാമില്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. നല്ലൊരു തുക വിസയ്ക്കായി ഏജന്‍സി ജയന്തിയുടെ കൈയ്യില്‍ നിന്നും വാങ്ങുകയും ചെയ്തു.
എന്നാല്‍ അവിടെ മോശമായ ജോലിസാഹചര്യങ്ങളാണ് ജയന്തിയ്ക്ക് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകല്‍ ജോലി ചെയ്യിപ്പിച്ച വീട്ടുകാര്‍, മതിയായ ഭക്ഷണമോ, ശമ്പളമോ നല്‍കിയില്ല. ശമ്പളം ചോദിയ്ക്കുകയോ, ജോലിയില്‍ പരാതി പറയുകയോ ചെയ്താല്‍ ഭീക്ഷണിയും, ശകാരവും മാത്രമാണ് കിട്ടിയത്. ആറു മാസം കഴിഞ്ഞിട്ടും ഒരു മാസത്തെ ശമ്പളം പോലും വീട്ടുകാര്‍ കൊടുത്തില്ല. സഹികെട്ട ജയന്തി, ഒരു ഹൌസ്ഡ്രൈവര്‍ വഴി നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു.
ഷാജി മതിലകം നല്കിയ ഉപദേശമനുസരിച്ചു, ജയന്തി ഒരു ദിവസം ആ വീട് വിട്ടിറങ്ങി, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്ക്കില്‍ എത്തുകയും, പരാതി നല്‍കുകയും ചെയ്തു. അവിടെയെത്തിയ ഷാജി മതിലകം സൗദി പോലീസിന്റെ സഹായത്തോടെ, ജയന്തിയെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.
ഷാജി മതിലകം ജയന്തിയുടെ സ്പോണ്‍സറെ ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിയെങ്കിലും അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഷാജി മതിലകം നാട്ടിലെ ട്രാവല്‍ ഏജന്റിനെ വിളിച്ചു സംസാരിച്ചു. ജയന്തിയെ ഈ കുഴപ്പങ്ങളില്‍ കൊണ്ട് ചാടിച്ചതിന്, എംബസ്സിയില്‍ പരാതി നല്കി ഏജന്‍സിയെ ബാന്‍ ചെയ്യുമെന്ന ഷാജി മതിലകത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങി, ജയന്തിയ്ക്ക് മടക്ക വിമാനടിക്കറ്റും, ആറു മാസത്തെ ശമ്പളവും, തങ്ങള്‍ തന്നെ നല്‍കാമെന്ന് ഏജന്റ് സമ്മതിച്ചു.
തുടര്‍ന്ന് ഷാജി മതിലകത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്, ജയന്തിയ്ക്ക് ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു നല്‍കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ എക്സിറ്റ് അടിച്ചു വാങ്ങി നല്‍കുകയും ചെയ്തു.
നാട്ടിലെ ഏജന്റ് ടിക്കറ്റ് അയച്ചു തന്നു. പെട്ടെന്ന് തന്നെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജയന്തി നാട്ടിലേയ്ക്ക് മടങ്ങി.