ബി നിലവറയുടെ പേരില്‍ രാജകുടുംബവും സര്‍ക്കാരും ഇടയുന്നു
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന പേരില്‍ സര്‍ക്കാരും രാജകുടുംബവും നേര്‍ക്ക് നേര്‍. നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി. നിലവറ 5 തവണ തുറന്നെന്ന റിപ്പോര്‍ട്ട് തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ രാജകുടുംബം പ്രതികരിച്ചത് എന്ത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിവപാട് തന്നെയാണ് സർക്കാരിനുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ആശങ്ക മനസിലാക്കാന്‍ രാജകുടുംബവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കടകംപള്ളി പറഞ്ഞു.അതേസമയം നിലവറ തുറക്കണമെന്ന ആവശ്യവുമായി ഭരണ പരിഷ്ക്കരണ കമ്മീഷൻ വിഎസ് അച്യുതാനന്ദനും രംഗത്ത് വന്നു. നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്നാണ് വി.എസ് പറഞ്ഞത്. ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ പ്രതികരിക്കുന്നത്.
എന്നാല്‍, ഇതിനു മുമ്പ് ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ബി നിലവറ തുറക്കണമെന്നും തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. നിലവറ തുറക്കുന്നതില്‍ രാജകുടുംബത്തിന് അതൃപ്തിയുണ്ടെന്നും ഇത് ദേവഹിതത്തിന് എതിരാണെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്. അതേസമയം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്‌ക്യൂറി ഉടന്‍ കേരളത്തിലെത്തും. രാജകുടുംബവുമായി ചര്‍ച്ചചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമായിരിക്കും അമിക്കസ്‌ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുക. ഈ ആഴ്ചതന്നെ അദ്ദേഹം ചര്‍ച്ചയ്ക്കായി എത്തുമെന്ന് രാജകുടുംബത്തെ അറിയിച്ചിട്ടുണ്ട്.