ഇന്ത്യയിലേയ്ക്ക് അനധികൃതമായി വന്‍തോതില്‍ ലൈംഗിക ഉപകരണങ്ങള്‍ കടത്തുന്നു

മുംബൈ : ലൈംഗീക ഉപകരണങ്ങള്‍ പോലുള്ള നിരോധിത വസ്തുക്കള്‍ രാജ്യത്തേയ്ക്ക് അനധികൃതമായി കടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കസ്റ്റംസ്. റിമോട്ടില്‍ നിയന്ത്രിക്കുന്ന ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, ലൈംഗീക ഉപകരണങ്ങള്‍ എന്നിങ്ങനെ നിരോധിത വസ്തുക്കള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു പാഴ്‌സലുകളാണ് ഡല്‍ഹിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡ്രോണ്‍ പോലുള്ള ഉപകരണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിക്കാന്‍ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് ഇത്തരത്തില്‍ അനിധികൃത കടത്തലുകള്‍ രാജ്യത്ത് പതിവായിരിക്കുന്നത്. ചൈനയില്‍ നിന്നാണ് ഇത്തരത്തിലുള്ള പാര്‍സലുകള്‍ കൂടുതലും എത്തുന്നത്.

ചൈനയ്ക്കു പുറമേ അമേരിക്കയില്‍ നിന്നും ലണ്ടനില്‍ നിന്നും ലഹരി പദാര്‍ഥങ്ങളും മരുന്നുകളും ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. ഇത് അപകടകരമായ അവസ്ഥയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ ഉള്ള വസ്തുക്കള്‍ രാജ്യത്ത് ഇറക്കാന്‍ കഴിയാത്തതിനാല്‍ ഇത് കസ്റ്റംസിന് സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ്. കയറ്റുമതിക്കായി 5000 പാര്‍സലുകളും ഇറക്കുമതിക്കായി 3500 പാര്‍സലുകളുമാണ് പ്രതിദിനം ഫോറിന്‍ പോസ്റ്റ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഫോറിന്‍ പോസ്റ്റ് ഓഫീസിന് കംപ്യൂട്ടര്‍ അധിഷ്ടിത പ്രവര്‍ത്തനം സാധ്യമാക്കണമെന്ന് കസ്റ്റംസ് പോസ്റ്റല്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ഇത്തരത്തില്‍ അനധികൃത ഇടപാടുകള്‍ പെരുകുന്ന സാഹചര്യത്തിലും കസ്റ്റംസ് വകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍.