ഞങ്ങള്‍ക്കു ദൈവത്തെ വേണം- ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം

പി.പി. ചെറിയാന്‍

പോളണ്ട്: സ്വാതന്ത്ര്യവും, വിശ്വാസവും, നിയമങ്ങളും, ചരിത്രവും, വ്യക്തിത്വവും ചവിട്ടിമെതിക്കപ്പെട്ട ദശാബ്ദങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കീഴില്‍ നരക യാതന അനുഭവിക്കേണ്ടി വന്ന പോളിഷ് ജനത പ്രതീക്ഷകള്‍ കൈവിടാതെ ധീരതയോടെ തിന്മയുടെ മേല്‍ ജയം നേടിയതിനെ പ്രശംസിച്ചുകൊണ്ടു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ജൂലായ് 6 വ്യാഴാഴ്ച നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം വാര്‍സൊയിലെ ക്രസന്‍സ്‌ക്കി സ്‌ക്വയറില്‍ തടിച്ചു കൂടിയ ജനകൂട്ടം ഹര്‍ഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്.

1979 ജൂണ്‍ രണ്ടിന് വാര്‍സൊയില്‍ ആദ്യമായി പോളിഷ് പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധ ബലിയര്‍പ്പിച്ചതോടെ കമ്മ്യൂണിസ്റ്റാധിപത്യത്തിന്റെ തകര്‍ച്ചയുടെ ആരംഭം കുറിക്കുകയായിരുന്നുവെന്ന് ട്രമ്പ് ഓര്‍മ്മിച്ചു. വിശുദ്ധ ബലിയര്‍പ്പണത്തിനിടെ പോപ് നടത്തിയ പ്രസംഗത്തിനു ശേഷം ലക്ഷകണക്കിന് പോളിഷ് ജനതയുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നത് ഞങ്ങള്‍ക്ക് സമ്പത്തോ, അവകാശങ്ങളോ ഒന്നും തന്നെ വേണ്ട, ദൈവത്തെ മാത്രം മതി എന്ന പ്രാര്‍ത്ഥനയായിരുന്നുവെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ ട്രമ്പ് പറഞ്ഞു.

പോളണ്ടിലേയും, യൂറോപ്പിലേയും, അമേരിക്കയിലേയും ജനത ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതും ഇതേ പ്രാര്‍ത്ഥന തന്നെയാണ്. ട്രമ്പ് പ്രത്യാശ പ്രകടിപ്പിച്ചു. ‘മേക്ക് പോളണ്ട് ഗ്രേറ്റ്’ എന്ന ആശംസയോടെയാണ് ട്രമ്പ് പ്രസംഗം ഉപസംഹരിച്ചത്. പോളണ്ട് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുന്നതിന് ഇടയായതായി പോളിഷ് പ്രസിഡും അഭിപ്രായപ്പെട്ടു.