നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ മൊഴി നല്‍കാന്‍ പള്‍സര്‍ സുനി; മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ മൊഴി നല്‍കുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ഈ മാസം പത്തൊമ്പതിന് ഇത് സംബന്ധിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അതിനിടെ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുനിയെ ചോദ്യം ചെയ്തത് നടിയെ ആക്രമിച്ച കേസിലാണെന്ന ആരോപണവുമായി സുനിയുടെ അഭിഭാഷകന്‍ രംഗത്തെത്തി. തെളിവെടുപ്പിന് കോയമ്പത്തൂരില്‍ കൊണ്ടുപോകണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത് എന്നാല്‍ കേരളത്തിന് പുറത്ത് കൊണ്ടുപോയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രൈഞ്ച് എസ്.പിക്കെതിരെ നടപടിവേണമെന്നും സുനിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
പള്‍സര്‍ സുനി, സഹതടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍, വിപിന്‍ ലാല്‍ എന്നിവരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് തെളിയിക്കാനുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.
എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പോലീസിന് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയെ ഇന്നലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചെയ്തിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇന്നും ആലുവ പോലീസ് ക്ലബ്ബില്‍ മൊഴിയെടുക്കല്‍ തുടരും.