കൂടിക്കാഴ്ച്ച: സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് എംടി രമേശ്‌, സെന്‍കുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല

ബി.ജെ.പി. നേതാവ് എം.ടി. രമേശും മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. സെന്‍കുമാറിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും എം.ടി. രമേശ് പറഞ്ഞു.

സെന്‍കുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ഇതനുവദിക്കാനാകില്ലെന്നും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ടി.പി. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബി.ജെ.പി. നേതാവ് എം.ടി. രമേശ് സെന്‍കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്.