ദിലീപിന്റെ അറസ്റ്റിലെ നാള്‍വഴികള്‍: നായകന്‍ വില്ലനായത് 144-ാം നാള്‍

നടിയെ ആക്രമിച്ച കേസില്‍ ഒടുവില്‍ നടന്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ദിലീപിന്റെ അറസ്റ്റ്. ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതുമുതല്‍, ദിലീപ് അറസ്റ്റിലാകുന്നതുവരെയുള്ള കേസിന്റെ നാള്‍വഴികളിലൂടെ…

2017 ഫെബ്രുവരി 17

കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ചു.

ഫെബ്രുവരി 18

സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി പിടിയില്‍.

സുനില്‍കുമാര്‍ അടക്കം 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഫെബ്രുവരി 19

പ്രതികളായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ പിടിയില്‍.

ഫെബ്രുവരി 19

നടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച വാന്‍ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഫെബ്രുവരി 20

പ്രതികളിലൊരാളായ മണികണ്ഠനെ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും പിടികൂടി.

ഫെബ്രുവരി 22

പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശയെന്ന് പി.ടി.തോമസ് എം.എല്‍.എ.

ഫെബ്രുവരി 23

കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനില്‍കുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി.

ഫെബ്രുവരി 24

പ്രധാനപ്രതി സുനില്‍കുമാറിനേയും വിജീഷിനേയും റിമാന്‍ഡു ചെയ്തു.ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് പ്രതികള്‍ നടിയോട് പറഞ്ഞതായി നടന്‍ ലാല്‍.

ഫെബ്രുവരി 24

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പിണറായി. പ്രസ്താവന പോലീസിനെ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ഫെബ്രുവരി 25

സുനില്‍കുമാറുമായി കൊച്ചി നഗരത്തില്‍ പോലീസിന്റെ തെളിവെടുപ്പ്. ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഓടയിലുപേക്ഷിച്ചെന്നു സുനില്‍ പറഞ്ഞ വെണ്ണലയിലും തെരച്ചില്‍.

ഫെബ്രുവരി 25

കേസില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ പി.ടി.തോമസ് എം.എല്‍.എയുടെ 48 മണിക്കൂര്‍ സത്യാഗ്രഹം.

ഫെബ്രുവരി 26

സുനില്‍കുമാറും വിജീഷും ഒളിവില്‍ താമസിച്ചിരുന്ന കോയമ്പത്തൂരില്‍ തെളിവെടുപ്പ്.

ഫെബ്രുവരി 26

കുറ്റകൃത്യത്തില്‍ പങ്കാളിയായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലിം എന്നീ പ്രതികളെ നടി തിരിച്ചറിഞ്ഞു.

ഫെബ്രുവരി 27

പ്രതികളായ മാര്‍ട്ടിന്‍, വടിവാള്‍ സലിം, മണികണ്ഠന്‍, പ്രദീപ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഫെബ്രുവരി 28

ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഗോശ്രീ പാലത്തില്‍ നിന്നു കായലില്‍ എറിഞ്ഞതായി പ്രതി സുനില്‍കുമാര്‍ പോലീസിനോട്. നാവികസേനയുടെ സഹായത്തോടെ മൊബൈല്‍ ഫോണിനുവേണ്ടി പോലീസിന്റെ തെരച്ചില്‍.

മാര്‍ച്ച് 01

സുനില്‍കുമാറും കൂട്ടാളികളും നടിയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

മാര്‍ച്ച് 04

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫോണിനൊപ്പം അഭിഭാഷകന് കൈമാറിയ മെമ്മറികാര്‍ഡിലെന്ന് സുനില്‍കുമാറിന്റെ മൊഴി.

ജൂണ്‍ 18

കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്.

ജൂണ്‍ 21

പ്രതികളായ മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി.

ജൂണ്‍ 23

അതിക്രമത്തിനിരയായ നടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി.

ജൂണ്‍ 24

കേസുമായി ബന്ധപ്പെട്ട് ബ്‌ളാക്ക്‌മെയിലിങ്ങിന് ശ്രമമെന്ന് നടന്‍ ദിലീപ്. വിഷ്ണു എന്നൊരാള്‍ വിളിച്ച് ഒന്നരക്കോടി ആവശ്യപ്പെട്ടെന്ന് ദിലീപ്.

ജൂണ്‍ 24

ദിലീപിന് സുനില്‍കുമാര്‍ എഴുതിയ കത്ത് പുറത്ത്.

ജൂണ്‍ 26

സുനില്‍കുമാറിന്റെ സഹതടവുകാരായ സനല്‍, വിഷ്ണു എന്നിവര്‍ അറസ്റ്റില്‍.

ജൂണ്‍ 28

കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെ ആലുവ പോലീസ് ക്‌ളബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തു.

ജൂണ്‍ 30

കേസിലെ തുടരന്വേഷണം എ.ഡി.ജി.പി സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്നു പോലീസ്‌മേധാവി സ്ഥാനത്തു നിന്നു വിരമിക്കുന്നതിനു മുമ്പ് ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.

ജൂണ്‍ 30

സുനില്‍കുമാറിന്റെ സഹതടവുകാരന്‍ ജിന്‍സന്‍ മജിസ്‌ട്രേറ്റിനു മൊഴി നല്‍കി.

ജൂണ്‍ 30

കേസുമായി ബന്ധപ്പെട്ട് കൊച്ചി മാവേലിപുരത്ത് കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന.

ജൂലൈ 01

സുനില്‍കുമാര്‍ കീഴടങ്ങാന്‍ തന്നെ സമീപിച്ചതായി അഡ്വ.ഫെനി ബാലകൃഷ്ണന്‍. സുനിലിന്റെ സുഹൃത്തുക്കളായ മഹേഷ്, മനോജ് എന്നിവരാണ് തന്നെ ബന്ധപ്പെട്ടതെന്ന് ഫെനി.

ജൂലൈ 02

കേസില്‍ അഡ്വ.ഫെനി ബാലകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ജൂലൈ 02

ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ സുനില്‍കുമാറിന്റെ സാന്നിധ്യം സംബന്ധിച്ച് പോലീസിന് തെളിവു ലഭിച്ചു.

ജൂലൈ 04

ആലുവ പോലീസ് ക്‌ളബ്ബില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നു.

ജൂലൈ 05

ദിലീപിന്റെ സഹോദരന്‍ അനൂപിന്റേയും നടന്‍ ധര്‍മ്മജന്റേയും മൊഴിയെടുത്തു.

ജൂലൈ 07

ദിലീപിനെ ചോദ്യം ചെയ്തത് വേണ്ടത്ര തെളിവ് ശേഖരിക്കാതെയെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍.

ജൂലൈ 10

ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തു. ആലുവ പൊലീസ് ക്ലബില്‍വെച്ചാണ് ദിലീപിനെ വൈകിട്ട് ആറരയോടെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.