പോലീസ് വല വിരിച്ചതിങ്ങനെ; ദിലീപിനെ അറസ്റ്റു ചെയ്തത് തിരക്കഥയൊരുക്കിയ ശേഷം

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിനായ് പോലീസ് മുന്‍കരുതല്‍ ഇങ്ങനെ.ഇന്ന് രാവിലെയാണ് മാധ്യമങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ച് പോലീസ് ദിലീപിനെ കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിലുള്ള ദിലീപിനെ വൈകാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നടന്ന സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് പള്‍സര്‍ സുനി എന്ന പ്രതിയിലേയ്ക്ക് വാര്‍ത്ത ചുരുങ്ങുകയായിരുന്നു. സുനിയെ ആസൂത്രകനാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതും. കഴിഞ്ഞമാസം പകുതിയോടെയാണ കാക്കനാട്ടെ സബ് ജയിലില്‍ നിന്ന് കേസന്വേഷണത്തില്‍ വഴിത്തിരിവായി സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.

കാക്കനാട് ജയിലില്‍ സഹതടവുകാരായിരുന്ന ജിന്‍സണ്‍, വിഷ്ണു എന്നിവരോട് കൃത്യത്തെക്കുറിച്ച് സുനി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചിരിക്കുന്നത്.

നടിയെ അക്രമിച്ച സംഭവത്തില്‍ തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയവരെക്കുറിച്ചടക്കം അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്താത്ത വിവരങ്ങള്‍ സുനി ജിന്‍സണോട് വെളിപ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ദിലീപ് നാദിര്‍ഷയ്‌ക്കൊപ്പം തുടര്‍ന്ന് രംഗത്തെത്തിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. ഗൂഢാലോചനയില്‍ കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.