ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം;ദിലീപിനെ ഉടന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നന്‍ ദീലീപ് അറസ്റ്റിലായതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം. ഇന്നു രാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.

പുലര്‍ച്ചെയാണ് ആലുവയിലെ വീട്ടില്‍ നിന്നും ദിലീപിനെ പോലീസ് വിളിച്ചുവരുത്തുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തതും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും.

മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്. വ്യക്തിപരമായ വൈരാഗ്യമാണെന്നും പുതിയ തെളിവുകള്‍ ദിലീപിനെതിരെ ഉണ്ടെന്നും പോലീസ് വിശദമാക്കി.