സ്വരം കടുപ്പിച്ച് സര്‍ക്കാര്‍: നഴസുമാരുടെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാക്കാന്‍ അന്ത്യശാസനം

ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകണമെന്ന് സര്‍ക്കാര്‍. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്നു തന്നെ തീരുമാനം വേണമെന്നും സര്‍ക്കാര്‍ മാനേജ്‌മെന്റ് പ്രതിനിധികളോട് ആവശ്യപ്പെട്ടു.

തീരുമാനമായില്ലെങ്കില്‍ സര്‍ക്കാരിന് ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കേണ്ടിവരും. ശമ്പള വര്‍ദ്ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തി വരുന്ന സമരം 12 ദിവസം പിന്നിട്ടപ്പോഴാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. ഇതുവരെ ഏട്ട് ചര്‍ച്ചകള്‍ സമരവുമായി ബന്ധപ്പെട്ട് നടന്നിരുന്നു.

Dont miss    നഴ്‌സുമാരെ വെല്ലുവിളിച്ച് ഫാദര്‍ ഷാജി വാഴയില്‍ ; സംഘടിക്കാനുള്ള ശ്രമം സഭ അടിച്ചമര്‍ത്തുമെന്നും മുന്നറിയിപ്പ്

എന്നാല്‍ ശമ്പളവര്‍ദ്ധനവിന്റെ കാര്യത്തില്‍ ഈ ചര്‍ച്ചയില്‍ തന്നെ തീരൂമാനമെടുക്കണമെന്ന് മാനേജ്‌മെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍, നിയമ മന്ത്രി എകെ ബാലന്‍, ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രതിനിധികളും സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനുകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.