മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡിജിപി പദവിയുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവില്ലായിരുന്നു – അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ
ടി.പി. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡി.ജി.പി. പദവിയുമായി ബന്ധപ്പെട്ട കേസില്‍ താന്‍ കോടതിയില്‍ ഹാജരാവില്ലായിരുന്നു എന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ.
കഴിഞ്ഞ ദിവസം ടി.പി. സെന്‍കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് ദുഷ്യന്ത് ദവൈ സെന്‍കുമാറിന്റെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.
ഐ.എസും, ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന് ഡി.ജി.പി. സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ടി.പി. സെന്‍കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍.എസ്.എസ്. ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലീമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലീമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തട്ടു മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.
പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ടി.പി. സെന്‍കുമാറിന്റെ പ്രസ്താവനകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍കുമാറാണെന്നും പറഞ്ഞു.